
ന്യൂഡൽഹി: കേരളത്തിലെ വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര ഒഴികെ 12 മണ്ഡലങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എറണാകുളം മണ്ഡലത്തില്‍ സിറ്റിങ് എം.പി. കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡനെ തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരും പട്ടികയിലില്ല. കോണ്‍ഗ്രസ് കേരളത്തില്‍ മത്സരിക്കുന്ന 16 സീറ്റുകളിൽ 12 ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നികാണ് കേരളത്തിലെ ഉൾപ്പെടെ 27 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ധ കളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പ്രധാനമാറ്റം എറണാകുളത്ത് സിറ്റിങ് എം.പി കെ.വി.തോമസിനു പകരം ഹൈബി ഈഡൻ എം.എൽ.എ മത്സരിക്കുന്നതാണ്. ശശി തരൂർ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ എന്നിവരാണ് മറ്റ് മത്സരിക്കുന്ന സിറ്റിങ് എം.പിമാർ. കെ.സി.വേണുഗോപാൽ മത്സരിക്കില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ എംപിയായ തനിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.വി. തോമസ് പരസ്യമായി രംഗത്ത് വന്നത് ശ്രദ്ധേയമായി. മറുവശത്ത്, പാർട്ടി ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്നാണ് ഹൈബിയുടെ പ്രതികരണം. ശേഷിക്കുന്ന നാലു സീറ്റുകളിൽ കൂടുതൽ ചർച്ചകൾ ആവശ്യമായതിനാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാകും ഇക്കര്യത്തിൽ തീരുമാനം എടുക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്നലെ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷമാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളെ കണ്ടത്.
കേരളത്തിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി പട്ടിക:
*തിരുവനന്തപുരം – ശശി തരൂർ
* പത്തനംതിട്ട – ആന്റോ ആന്റണി
* മാവേലിക്കര– കൊടിക്കുന്നിൽ സുരേഷ്
* ഇടുക്കി – ഡീൻ കുര്യാക്കോസ്
* എറണാകുളം – ഹൈബി ഈഡൻ
* തൃശൂർ – ടി.എൻ. പ്രതാപൻ
* ചാലക്കുടി – ബെന്നി ബെഹനാൻ
* പാലക്കാട് – വി.കെ. ശ്രീകണ്ഠൻ
* ആലത്തൂർ – രമ്യ ഹരിദാസ്
* കോഴിക്കോട് – എം.കെ.രാഘവൻ
* കണ്ണൂർ – കെ. സുധാകരൻ
∙ കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ
