കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല, അമിത് ഷായ്ക്ക് അത് മനസിലായി: മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ ദേശായി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല, അമിത് ഷായ്ക്ക് അത് മനസിലായി: മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ ദേശായി

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിച്ച ജനരക്ഷാ യാത്രയോടുള്ള ജനങ്ങളുടെ തണുത്ത പ്രതികരണം കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല എന്നു തന്നെയാണ് കാണിക്കുന്നത് എന്നും തീവ്രഹിന്ദുത്വ പരിപാടി കേരളത്തില്‍ നടപ്പാവില്ലെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ ദേശായി. അമിത് ഷായ്ക്ക് അതു മനസ്സിലായിട്ടുണ്ടെന്നും അതുകൊണ്ടാണ് യാത്ര ഇടയ്ക്കു വച്ചു നിര്‍ത്തി മടങ്ങിയതെന്നും രാജ്ദീപ് സര്‍ ദേശായി ചൂണ്ടിക്കാട്ടി.

ഇതുവരെ ബി.ജെ.പിക്ക് ഒരു ലോക്‌സഭാ സീറ്റുപോലും ജയിക്കാനാവാത്ത സംസ്ഥാനമാണ് കേരളം. 2016ല്‍ അവര്‍ക്ക് ഒരു നിയമസഭാ സീറ്റില്‍ ജയിക്കാനായി. അതേസമയം വോട്ടു ശതമാനത്തില്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. എന്നിട്ടും തണുത്ത പ്രതികരണമാണ് അമിത് ഷാ നയിച്ച ജാഥയോട് ജനങ്ങള്‍ പ്രകടിപ്പിച്ചത്. സാമ്പത്തികവളര്‍ച്ചയിലെ മുരടിപ്പ്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്, ജി. എസ്. ടി ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍, റോഹിങ്ക്യ, കശ്മീര്‍- കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബി.ജെ.പി ഇതെല്ലാം വിട്ടിരിക്കുകയാണ്. കേരളത്തെ കേന്ദ്രീകരിച്ചുള്ള ഈ കോലാഹലം രാഷ്ട്രീയ പടയോട്ടത്തിനുള്ള ബി.ജെ.പിയുടെ ത്വരയാണ് എന്നാണ് രാജ്ദീപ് വിലയിരുത്തുന്നത്.

പതിറ്റാണ്ടുകളായി ആര്‍.എസ്എസിന് കേരളത്തില്‍ ശക്തമായ അടിത്തറയുണ്ട്. ഇടതുപക്ഷകോണ്‍ഗ്രസ് ഇരുധ്രുവ രാഷ്ട്രീയം കേരളത്തിലെ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തിന്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഹിന്ദുത്വയും സദ്ഭരണം സംബന്ധിച്ച അവകാശവാദവും കേരളത്തിലെ മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ മോദി സര്‍ക്കാരിനോട് താല്‍പര്യമുണ്ടാക്കാനും അത് ബി.ജെ.പിക്ക് ഗുണം ചെയ്യാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ട് കേരളം ബി.ജെ.പിയെ അകറ്റിനിര്‍ത്തുന്നു എന്ന ചോദ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതവര്‍ഗീയതയുടെ പേരിലുള്ള ധ്രുവീകരണത്തിന് ഇവിടെ സാദ്ധ്യത കുറവാണ് എന്നതാണ് കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് രാജ്ദീപിന്റെ വിലയിരുത്തല്‍.

0Shares