
നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസിന്‍റെ നിലപാടിനെ പിന്തുണയ്ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വെറും ബൊമ്മയും അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനുമാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ തൃപ്തിയില്ല. എന്നാല്‍, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനേക്കാള്‍ മെച്ചമാണ്. തമ്മില്‍ ഭേദം തൊമ്മന്‍. കേരളത്തിലെ മതേതരത്വത്തിന് എന്‍.എസ്.എസ് ഭീഷണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഈഴവ വിരോധിയെന്നും എന്‍.എസ്.എസ് നേതൃത്വം മാടമ്പി സ്വഭാവമാണ് കാണിക്കുന്നതെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
എന്‍.എസ്.എസ് നേതൃത്വത്തിന് ഈഴവ വിഭാഗത്തോട് എപ്പോഴും അവഗണനയാണ്. ഈഴവന്‍ മുഖ്യമന്ത്രിയായാല്‍ തേജോവധം ചെയ്യുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. സവര്‍ണനെ ഉയര്‍ന്ന തലങ്ങളില്‍ പ്രതിഷ്ഠിക്കണമെന്ന ഒറ്റ ചിന്ത മാത്രമേ അവര്‍ക്ക് ഉളളൂ.
മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത വിളിക്കുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി.എസിനെയും ചീത്തവിളിച്ചു.പിന്നോക്ക വിഭാഗങ്ങളോട് പ്രത്യേകിച്ച് ഈഴവവിഭാഗത്തോട് കടുത്ത നിലപാടാണ് നിലവിലെ എന്‍.എസ്.എസ് നേതൃത്വം സ്വീകരിക്കുന്നതെന്നും വെളളാപ്പളളി വ്യക്തമാക്കിയിരുന്നു.
