
തിരുവനന്തപുരം: കേരളത്തില്‍ പ്രളയദുരിതം അനുഭവിച്ച പട്ടിക ജാതി, പട്ടിക വര്‍ഗ, ദളിത് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ആളുകള്‍ക്ക് പ്രളയാനന്തര പുനര്‍നിര്‍മാണ സഹായങ്ങള്‍ ലഭിക്കുന്നതില്‍ വിവേചനമെന്ന് പഠന റിപ്പോര്‍ട്ട്. സമൂഹത്തിലെ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന് സംഘടന നടത്തിയ പഠനത്തിലാണ് ഒ.ബി.സി, ജനറല്‍ വിഭാഗങ്ങളെ അപേക്ഷിച്ച് ദളിത്, ആദിവാസി വിഭാഗങ്ങള്‍ വിവേചനം നേരിടേണ്ടി വരുന്നെന്ന് കണ്ടെത്തിയത്.

പ്രളയ ബാധിതരായവര്‍ക്ക് ലഭിക്കേണ്ടിയിരുന്നു അടിയന്തര സാമ്പത്തിക സഹായമായ 10,000 രൂപ ലഭിച്ച ആദിവാസി, ദളിത് വിഭാഗത്തില്‍ പെട്ട ആളുകള്‍ ആനുപാതികമായി കുറവാണെന്ന് പഠനത്തില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. പൊതു വിഭാഗത്തില്‍ പെട്ട 83.90 ശതമാനം പേര്‍ക്കും, മറ്റു പിന്നാക്ക വിഭാഗത്തില്‍ പെട്ട 88.93 ശതമാനം പേര്‍ക്കും അടിയന്തര സാമ്പത്തിക സഹായം ലഭിച്ചപ്പോള്‍ പ്രളയ ബാധിതരായ 61.92 ശതമാനം ആദിവാസികള്‍ക്കും, 67.68 ശതമാനം ദളിത് ക്രിസ്ത്യാനികള്‍ക്കും മാത്രമാണ് അടിയന്തര സഹായം ലഭിച്ചത്. അര്‍ഹതയ്ക്കുള്ള മാനദണ്ഡങ്ങളില്‍ അവസാന നിമിഷം വരുത്തിയ മാറ്റങ്ങളാണ് ഇവര്‍ക്ക് വലിയ തോതില്‍ സഹായം നിഷേധിക്കപ്പെടാനിടയാക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എല്ലാവര്‍ക്കും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് അത് നിശ്ചിത അളവില്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായവര്‍ക്കായി നിജപ്പെടുത്തുകയായിരുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നായ ഇടുക്കിയില്‍ 2.08 ശതമാനം ആദിവാസികള്‍ക്കും 1.64 ദളിത് ക്രസ്ത്യാനികള്‍ക്കും മാത്രമാണ് 10,000 രൂപയുടെ ധനസഹായം ലഭിച്ചത്. “The Extent of Inclusion of Dalit and Adivasi Communities in the Post-Disaster Response in Kerala, 2018.” എന്ന പേരിലാണ് പഠനം നടത്തിയത്. ബ്രിട്ടനിലെ ക്രിസ്ത്യന്‍ എയ്ഡ്, ഓക്‌സ്ഫാം ഇന്ത്യ എന്നീ സംഘടനകളുടെ സഹായത്തോടെ നടത്തിയ പഠനം, ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
