കേരളത്തിലെ തോല്‍വിക്ക് കാരണം എന്‍.എസ്.എസോ ? ബൂത്തടിസ്ഥാനത്തിൽ വോട്ടുകൾ പരിശോധിക്കാന്‍ ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ തോല്‍വിക്ക് കാരണം എന്‍.എസ്.എസോ ? ബൂത്തടിസ്ഥാനത്തിൽ വോട്ടുകൾ പരിശോധിക്കാന്‍ ബി.ജെ.പി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തോൽവിയുടെ കാരണങ്ങളിലൊന്നായ ‘എന്‍.എസ്.എസ് ഫാക്ടർ’ വിശകലനം ചെയ്യാൻ ബി.ജെ.പി തീരുമാനം. ബൂത്തടിസ്ഥാനത്തിൽ എന്‍.എസ്.എസിന്‍റെ എത്ര വോട്ടുകൾ പാർട്ടിക്കു കിട്ടിയെന്നു പരിശോധിക്കാനാണു ബി.ജെ.പി നീക്കം. തിരുവനന്തപുരത്ത് കുമ്മനം തോറ്റതും പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മൂന്നാമതായതും എന്‍.എസ്.എസ് സഹായം വേണ്ടപോലെ കിട്ടാതിരുന്നതുകൊണ്ടാണെന്നു നിഗമനമുണ്ട്. ഈ സാഹചര്യത്തിലാണ് കൃത്യമായ വിശകലനത്തിനുള്ള നീക്കം നടക്കുന്നത്.

തിരുവനന്തപുരത്ത് എന്‍.എസ്.എസ് വോട്ടുകൾ കിട്ടാതിരുന്നതാണു തോൽവിയുടെ കാരണമായി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരനും മുതിർന്ന നേതാവായ ഒ.രാജഗോപാലും ചൂണ്ടിക്കാണിക്കുന്നത്. നായർ വോട്ടുകൾ ഏറെയുള്ള തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിൽ പ്രതീക്ഷിച്ചപോലെ പിന്തുണ ലഭിച്ചില്ല. സമദൂര നിലപാടാണ് എന്‍.എസ്.എസ് ആവർത്തിച്ചിരുന്നതെങ്കിലും കുമ്മനം രാജശേഖരനെ തോൽ‍പ്പിക്കാൻ എതിർത്തു വോട്ട് ചെയ്യരുതെന്നു ബി.ജെ.പി പ്രത്യേകം അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ നായർ സമുദായത്തിൽ നിന്നുള്ള നിഷ്പക്ഷ വോട്ടുകൾ താമരയിൽ പതിഞ്ഞില്ല. എന്‍.എസ്.എസുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായെങ്കിൽ അതു പരിഹരിക്കാൻ അടിയന്തരശ്രമം നടത്തും. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൻഎസ്എസിന്‍റെ പിന്തുണ കൂടിയേ തീരൂ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് സംഘടനയുമായി ചേർന്നുപോകാൻ ബി.ജെ.പിയുടെ തീരുമാനം.

0Shares