കണ്ണൂര്‍: കേരളത്തില്‍ നടക്കുന്ന എല്ലാ ആക്രമണങ്ങള്‍ക്കും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ. കണ്ണുര്‍ പയ്യന്നൂരില്‍ ജന രക്ഷായാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കൊലപാതകങ്ങളുടെ രക്തക്കറ മുഖ്യമന്ത്രിയായ വിജയന്റെ ദേഹത്താണ് വീഴുന്നത്. കേരളത്തില്‍ നടക്കുന്ന ജനരക്ഷായാത്ര രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ സംഘടിത രൂപമാണ്. കേരളത്തിലെ നേതാക്കളും പ്രവര്‍ത്തകരും ഒറ്റയ്ക്കല്ല രാജ്യത്തെ 11 കോടി പ്രവര്‍ത്തകരും ഈ യാത്രക്കൊപ്പമുണ്ട്. സാമുഹ്യ പരിഷ്‌കര്‍ത്താക്കളുടെ നാടായ കേരളം ഇന്ന് രക്തച്ചൊരിച്ചലിന്റെ നാടായി മാറിയിരിക്കുന്നു. സി.പി.എം അധികാരത്തില്‍ വരുമ്പോഴെല്ലാം കേരളത്തില്‍ കൊലപാതകങ്ങളും അക്രമണ പരമ്പരകളും നടക്കുന്നു. ഇഷ്ടമുള്ളപ്പോള്‍ മാത്രം പുറത്തെടുക്കുന്ന അസഹിഷ്ണുണുത വാദം മനുഷ്യാകാശ പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴും മനുഷ്യാവകാശ ബോധം പ്രകടിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമത്തിനെതിരെ ബിജെപി നാളെ മുതല്‍ 17 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സത്യഗ്രഹം നടത്തും. ഡല്‍ഹിയില്‍ സിപിഎം ഓഫിസിലേക്കു മാര്‍ച്ച് നടത്തുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഹരിത കുങ്കുമ വര്‍ണ്ണ പതാക കൈമാറി ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സുരേഷ് ഗോപി എംപി, രാജീവ് ചന്ദ്രശേഖര്‍ എംപി, ഒ രാജഗോപാല്‍ എംഎല്‍എ, മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.വിവിധ ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര ഈ മാസം 17 ന് തിരുവനന്തപുരത്ത് സമാപിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ,വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗ്, ജലവിഭവ സഹമന്ത്രി അര്‍ജ്ജുന്‍ മേഘ് വാള്‍, നേതാക്കളായ മനോജ് തിവാരി, മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈന്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പദയാത്രയില്‍ സംബന്ധിക്കും.
കേരളത്തിലെ എല്ലാ അക്രമങ്ങള്‍ക്കും ഉത്തരവാദി പിണറായിയെന്ന് അമിത് ഷാ; ബി.ജെ.പിയുടെ ജന രക്ഷായാത്രയ്ക്ക് പയ്യന്നൂരില്‍ തുടക്കമായി