
തലസ്ഥാനത്തെ അട്ടക്കുളങ്ങര ജയിലില്‍ നിന്നും കഴിഞ്ഞ ദിവസം രക്ഷപെട്ട രണ്ടു സ്ത്രീകളും പിടിയില്‍. വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യയും പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പയുമാണു പിടിയിലായത്. പാലോടിനടുത്ത് അടുക്കുംതറയില്‍ നിന്നാണ് ഇരുവരും പോലീസ് പിടിയിലായത്.
ഇവര്‍ തമിഴ്‌നാട്ടിലേക്കുകടക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണു വിവരം. രാത്രി 11 മണിയോടുകൂടി തിരുവനന്തപുരം റൂറല്‍ എസ്പി ബി.അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലോട് നിന്നും അറസ്റ്റ് ചെയ്യുന്നത്.കൊല്ലം പാരിപ്പള്ളിയില്‍ ഉള്ള ഒരു കടയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ പാലോടുള്ള ബന്ധുവീട്ടിലേക്ക് വരവേയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. വണ്ടി തിരിച്ചറിയാതിരിക്കാനായി നമ്പര്‍പ്ലേറ്റില്‍ കൃത്രിമത്വം വരുത്തിയ ശേഷമായിരുന്നു ഇവര്‍ യാത്ര ചെയ്തത്.

ഇവര്‍ ബന്ധുവീട്ടില്‍ എത്തിയേക്കുമെന്ന് രഹസ്യവിവരം റൂറല്‍ എസ്. പി അശോകന് നേരത്തേ ലഭിച്ചിരുന്നു.
രഹസ്യവിവരം ആണ് ഇരുവരെയും പിടികൂടാന്‍ സഹായിച്ചത്.പിടികൂടിയ വനിതാ തടവുകാരെ ആദ്യം പാലോട് സ്റ്റേഷനിലെത്തിച്ചു തുടര്‍ന്ന് രാത്രിയോടെ തന്നെ ഫോര്‍ട്ട് പോലീസിന് കൈമാറി.ഇരുവരെയും വിശദമായി ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും എവിടെയൊക്കെയാണ് ഒടുവില്‍ കഴിഞ്ഞതെന്നും തിരിച്ചറിയാനാവും.സംസ്ഥാനത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രണ്ട് വനിതാ തടവുകാര്‍ ജയില്‍ ചാടിയത്.
ജയില്‍ അധികാരികള്‍ക്കും കേരള പോലീസിനും നാണക്കേട് ആയിരുന്ന ജയില്‍ ചാട്ടത്തിന് ഇതോടുകൂടി പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുകയാണ്. ഇരുവരും മോഷണക്കേസിലെ പ്രതികളാണ്. ജയിലിനു പിറകില്‍ മാലിന്യം ഇടുന്ന സ്ഥലം വഴിയായിരുന്നു രണ്ടുപേരും രക്ഷപ്പെട്ടത്. മൂന്നു ദിവസം മുന്‍പായിരുന്നു ജയില്‍ചാട്ടം. വനിതാ ജയിലില്‍നിന്നു തടവുകാര്‍ രക്ഷപ്പെടുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവമായിരുന്നു.
