
തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ കേരളം ഉൾപ്പടെയുള്ള ഏഴ് സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാവാന്‍ സാധ്യത എന്ന് മുന്നറിയിപ്പ് . കർണാടക പോലീസിനാണ് ഫോൺ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സന്ദേശം. കര്‍ണാടക പോലീസിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ കേരളത്തില്‍ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭീഷണി സന്ദേശം വ്യാജമാണ് എന്ന് ബംഗലൂരു പോലീസ് സ്‌ഥിരീകരിച്ചു .

വ്യാജമായ സന്ദേശം പൊലീസിനെ വിളിച്ച് അറിയിച്ച മുൻ സൈനികൻ കൂടിയായ ബംഗലൂരു റൂറൽ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പോലീസിനെ വിളിച്ച് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നൽകിയത്. ഫോൺ നമ്പര്‍ പിൻതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂർത്തി പിടിയിലായത്.
സംസ്ഥാനത്തെ പ്രധാന നഗര കേന്ദ്രങ്ങളിലെല്ലാം പോലീസ‌് പരിശോധന തുടങ്ങിയിരുന്നു. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ഗോവ, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പുണ്ടായിരുന്നുട്രെയിനിൽ എത്തി ആക്രമണം നടത്താൻ ഭീകരവാദികള്‍ പദ്ധതിയിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനുവേണ്ടി 19 പേർ രാമനാഥപുരത്ത് എത്തിയെന്നും ഭീഷണി സന്ദേശത്തിൽ ഇയാള്‍ പറഞ്ഞിരുന്നു.
സൈന്യത്തിൽ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോൾ ആവലഹള്ളിയിൽ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പോലീസിനോട് പറഞ്ഞത്.
