ന്യൂഡല്‍ഹി: കേരളത്തിന് ദുരിതാശ്വാസമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ. കേരളത്തിന് ആവശ്യമായ ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ നടന്നതേയുള്ളുവെന്നും യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്ന അറിയിച്ചു. കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്വ പരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് യു.എ.ഇ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യു.എ.ഇ അംബാസിഡറുടെ ഈ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ ഇത് സംബന്ധിച്ചുള്ള ആശങ്കകള്‍ ഏറുകയാണ്.
യു.ഇ.എ സഹായം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിദേശ സഹായം വേണ്ട എന്ന നിലപാട് എടുത്തിരുന്നു.പിന്നീട് ഈ വാര്‍ത്ത വിവാദമാവുകയായിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് യു.എ.ഇ ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.കേരളത്തില്‍ ഉണ്ടായ പ്രളയ ദുരിതം സംബന്ധിച്ച് വിലയിരുത്തല്‍ നടക്കുന്നതേ ഉള്ളു. യു.എ.ഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഈ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങള്‍ വേണം എന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ട്. ഇതല്ലാതെ ഔദ്യോഗികമായി ഒരു തുക തങ്ങള്‍ കേരളത്തിനായി പ്രഖ്യാപിച്ചിട്ടില്ലെന്നും അംബാസിഡര്‍ വ്യക്തമാക്കി.