
കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെയും പി. എസ് ശ്രീധരന്‍ പിള്ളയുടെ നടപടിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ദേശീയ പാത വികസനം തടസപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്ര മന്ത്രിക്കയച്ച കത്ത് പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യമാണ്. യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയ പാത വികസനത്തില്‍ നിന്ന് നാഷണല്‍ ഹൈവേ അതോറിറ്റി പിന്മാറുന്നത്. സ്ഥലമേറ്റെടുപ്പ് അടക്കം നടപടികള്‍ ക്രിയാത്മകമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാനത്തെ വികസനത്തിന്‍റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.പരാതി ഉണ്ടെങ്കില്‍ പി. എസ് ശ്രീധരന്‍ പിള്ള അത് പറയേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാറിനോടാണ്. രഹസ്യമായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ പി.എസ് ശ്രീധരന്‍ പിള്ളക്ക് സാഡിസ്റ്റ് മനോഭാവമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണം. ദേശീയപാത വികസന അതോറ്റിയുടെ നടപടി അവസാനിപ്പിക്കണം എന്നാണ് ശ്രീധരന്‍ പിള്ളയുടെ കത്തില്‍ പറഞ്ഞിരിക്കുന്നത്. നമ്മുടെ നാട്ടിലുള്ള ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നില്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാട്ടില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ആ നാട്ടില്‍ ജീവിക്കുന്ന ജനങ്ങളുടെ സൗകര്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം എന്താണെന്നുള്ള പ്രാഥമിക അറിവ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ നാടിന് തന്നെ ബാധ്യതയായിരിക്കും. ബി.ജെ.പി ആ ഗണത്തില്‍പ്പെടുന്നുവെന്ന് അവര്‍ സ്വയം തെളിയിച്ചിരിക്കുകയാണ്.
സംസ്ഥാനവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് പദ്ധതി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. കാരണം വ്യക്തമാക്കുന്നുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ദേശീയ പാത വികസന പദ്ധതി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വര്‍ഷത്തേക്ക് തുടര്‍ നടപടികള്‍ നടത്താനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ഉദ്ദേശ്യം. ഇടത് സര്‍ക്കാരിന്‍റെ കാലയളവില്‍ ദേശീയ പാത വികസനം സാധ്യമല്ലാതാക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും പിണറായി വിജയന്‍ ആരോപിച്ചു. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് അര്‍ഹമായ സഹായം ലഭ്യമാകുന്നില്ല. വിദേശ സഹായം പോലും തടയാന്‍ ശ്രമിക്കുന്നു. ഓഖി ചുഴലിക്കാറ്റിലും പ്രളയത്തിലും കേന്ദ്രം കേരളത്തെ മനപ്പൂര്‍വം തടയുകയായിരുന്നുവെന്ന് മുഖ്യ മന്ത്രി കുറ്റപ്പെടുത്തി.
