കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും കാണാന്‍ മറന്നുപോയ ശ്രീ ധന്യയെ കണ്ട രാഹുല്‍ഗാന്ധി നമ്മെ ഓര്‍മിപ്പിക്കുന്നതും ജനകീയ കോടതി വിധി തടയാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയും

  • Post category:news
  • Reading time:3 mins read
You are currently viewing കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും കാണാന്‍ മറന്നുപോയ ശ്രീ ധന്യയെ കണ്ട രാഹുല്‍ഗാന്ധി നമ്മെ ഓര്‍മിപ്പിക്കുന്നതും ജനകീയ കോടതി വിധി തടയാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയും

വയനാട്ടിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മനസ്സില്‍ ആദ്യം തെളിഞ്ഞത് ശ്രീധന്യയുടെ മുഖമാണ്. ചരിത്രത്തില്‍ ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയ ആദിവാസി പെണ്‍കുട്ടിയുടെ മുഖം. പിന്നീട് അദ്ദേഹത്തിന് അധികം ആലോചിക്കേണ്ടി വന്നില്ല. ധന്യയേയും കുടുംബത്തെയും നേരില്‍ കാണുകയും ആ മിടുക്കിയെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഒരു ഭാവി പ്രധാനമന്ത്രിക്ക് അവശ്യം വേണ്ടതായ നന്മയാണ് ഈ സംഭവം വെളിവാക്കുന്നത്. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും കാണാന്‍ മറന്നുപോയ ധന്യയെ കണ്ട രാഹുല്‍ഗാന്ധി നമ്മെ ഓര്‍മിപ്പിക്കുന്നത് മഹാത്മജിയുടെ വാക്കുകളാണ്. ഏതുകാര്യം ചെയ്യുമ്പോഴും ഒരു ഭരണാധികാരിയുടെ മനസ്സില്‍ ആദ്യം ഉയര്‍ന്നു വരേണ്ടത് ഏറ്റവും പാവപ്പെട്ടവന്‍റെ മുഖം ആണ്.

കുറിച്ച്യ സമുദായത്തില്‍ നിന്ന് ഡോ. അംബേദ്കറുടെ സ്വപ്നം പോലെ പറന്നുയര്‍ന്ന ഈ മിടുക്കിയുടെ മുഖം രാഹുലിന്‍റെ മനസ്സില്‍ തെളിഞ്ഞത് നിസ്സാര കാര്യമല്ല. തൊഴിലുറപ്പു പദ്ധതിയിലൂടെ അച്ഛനും അമ്മയ്ക്കും ലഭിച്ച തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കൊച്ചു കുടുംബം ജീവിക്കുന്നതെന്ന് ധന്യ പറഞ്ഞപ്പോള്‍ നിറകണ്ണുകളോടെയാണ് രാഹുല്‍ ആ കുടുംബത്തെ തന്നോടു ചേര്‍ത്ത് പിടിച്ചത്.

പപ്പുമോനെന്നും അമുല്‍ ബേബിയെന്നും പ്രധാനമന്ത്രി മോഡിയും ഇടതുപക്ഷവും പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയാണ് ഇന്ന് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും ശേഷം ദേശീയ നേതാവായി ഉയര്‍ത്തിക്കാണിക്കാന്‍ ഒരാള്‍ ഇല്ലാതെപോയതാണ് കോണ്‍ഗ്രസ് നേരിട്ട വിടവ്. ആ വിടവാണ് ഇപ്പോള്‍ ഇന്ദിരയുടെ ചെറുമകന്‍ അസാമാന്യ മെഴ്‌വഴക്കത്തോടെ നികത്തിയത്.

പ്രധാനമന്ത്രിയായി 5 വര്‍ഷം പൂര്‍ത്തിയാക്കിയ മോഡി ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരെ ഒരിക്കല്‍ പോലും കാണാന്‍ കൂട്ടാക്കിയില്ല. ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്ത പ്രധാനമന്ത്രി സ്വന്തം മണ്ഡലമായ വാരാണസിയിലെ ജനങ്ങളോടുപോലും സംവദിച്ചില്ല. മന്‍ കി ബാത്തിലൂടെ തന്‍റെ മനസിലെ ആഗ്രഹങ്ങളും ആശയങ്ങളും അദ്ദേഹം ഒരു റേഡിയോ പോലെ പറഞ്ഞുകൊണ്ടിരുന്നു.

അതിന്‍റെ ഫലമായിരുന്നു ഏകപക്ഷീയമായി നടപ്പിലാക്കിയ നോട്ട് നിരോധനവും ജി.എസ്.ടി യും റാഫേല്‍ ഇടപാടും. ഒരിക്കല്‍ കൂടി മോഡിയെ പ്രധാനമന്ത്രി ആക്കണമെന്നാണ് ജനങ്ങളുടെ മുന്നില്‍ ബി.ജെ.പി വയ്ക്കുന്ന മുദ്രാവാക്യം. മോഡി ബ്രാന്‍ഡ് മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

2014 ലെ തിരെഞ്ഞടുപ്പില്‍ ചായക്കച്ചവടക്കാരനായിരുന്ന മോഡിയെക്കുറിച്ചായിരുന്നു രാജ്യം ആകെ ചര്‍ച്ചചെയ്തത്. ഈ തെരഞ്ഞെടുപ്പില്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന ആരോപണം ആണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞ ഈ ആരോപണം ഇന്ന് ഇന്ത്യന്‍ ജനത ഏറ്റെടുത്തിരിക്കുകയാണ്. അത് മറികടക്കാനാണ് മോഡിയും എല്ലാ മന്ത്രിമാരും പേരിനു മുന്നില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ത്തത്. ഇവര്‍ ആരുടെ കാവല്‍ക്കാരാണ്? ഇന്ത്യയുടെ സമ്പത്തിന്‍റെ തൊണ്ണൂറു ശതമാനവും കയ്യടക്കി വച്ചിരിക്കുന്ന ഒരു ശതമാനം സമ്പന്നരുടെ കാവല്‍ക്കാര്‍. അനില്‍ അംബാനിയും നീരവ് മോദിയും വിജയ് മല്യയും അടക്കമുള്ള പതിനഞ്ച് സമ്പന്നര്‍ക്ക്ദ ശലക്ഷക്കണക്കിന് കോടികള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയതുകൊണ്ടാണ് പ്രധാനമന്ത്രിയെ ചൂണ്ടി ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് രാഹുല്‍ വിളിച്ചത്.

വാജ്‌പേയി സര്‍ക്കാര്‍ അഞ്ചു കൊല്ലം പൂര്‍ത്തിയാക്കി ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വീണ്ടും വരും എന്ന് എല്ലാവരും ധരിച്ചു. കോടിക്കണക്കിനു രൂപയുടെ പരസ്യം ലഭിച്ച മധ്യമങ്ങളാണ് ഇന്ത്യ തിളങ്ങുന്നു എന്നു പാടിപ്പുകഴ്ത്തിയത്. എന്നാല്‍ വോട്ട് എണ്ണിയപ്പോള്‍ സോണിയയുടെ നേതൃത്വത്തിലുള്ള യു.പി.എ വന്‍ വിജയമായി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി. രണ്ടാംവട്ടവും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വിജയം ആവര്‍ത്തിച്ചു.

ലക്ഷോപലക്ഷം കോടിയുടെ കല്‍ക്കരിപ്പാടവും ടു.ജി സ്‌പെക്ട്രവും ഉള്‍പ്പെടെയുള്ള അഴിമതികള്‍ പുറത്തുവന്നു. മന്‍മോഹന്‍ സിങ് അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കി. അഴിമതി ആരോപണം സി.ബി.ഐ അന്വേഷണത്തിനു വിട്ടു. ഈ അഴിമതി ആരോപണങ്ങളാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്‍റെ തോല്‍വിക്ക് ഇടയാക്കിയതും മോഡി ഭരണത്തിന് വഴിവച്ചതും. അഴിമതിക്ക് എതിരെയുള്ള വിധിയെഴുത്തായി മോഡിയുടെ വിജയം.

കാവ്യനീതി എന്ന് പറയുംപോലെ അഴിമതി ആരോപണങ്ങളുടെ പുകമറയിലാണ് ഇപ്പോള്‍ മോഡി സര്‍ക്കാര്‍. ഭരണഘടനാ സ്ഥാപനങ്ങളായ സുപ്രീം കോടതിയുടെയും സി.ബി.ഐയുടെയും വിശ്വാസ്യത പോലും നഷ്ടപെട്ട അവസ്ഥ. സുപ്രീം കോടതി അപകടത്തില്‍ ആണെന്ന് ചീഫ് ജസ്റ്റിസ് തന്നെ തുറന്ന കോടതിയില്‍ പറഞ്ഞു കഴിഞ്ഞു. ഇത്തരം അവസ്ഥയിലാണ് പരമോന്നത കോടതിയായ ജനകീയ കോടതി വിധി പറഞ്ഞു തുടങ്ങിയിരിക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കുകയാണ്. മെയ് ഇരുപത്തി മൂന്നിന് ജനകീയ കോടതിയുടെ വിധി ബാലറ്റിലൂടെ പുറത്തുവരും.

അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയെ പ്പോലും തോല്‍പ്പിച്ചവരാണ് ജനങ്ങള്‍. വാജ്‌പേയ് സര്‍ക്കാരിന്‍റെയും ഗതി പ്രവചനകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു. നിരക്ഷരര്‍ എന്നു നാം കരുതുന്ന കോടിക്കണക്കിനു വരുന്ന പാവങ്ങളും കര്‍ഷകരും തൊഴില്‍ രഹിതരും അടങ്ങുന്നതാണ് അട്ടിമറി വിധികള്‍ പുറപ്പെടുവിക്കുന്ന ജനകീയ കോടതി. ജനാധിപത്യത്തിന്‍റെ അഭയകേന്ദ്രമായ സുപ്രീം കോടതി പോലും നിസ്സഹായരാണ് എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്നെ വിലപിക്കുമ്പോള്‍ രാജ്യത്തിന്‍റെ രക്ഷക്കായി ജനങ്ങള്‍ അവരുടെ കയ്യിലെ വോട്ട് എന്ന മിസൈല്‍ പരീക്ഷിക്കുക തന്നെ ചെയ്യും. അതിനെ തടയാന്‍ മോഡിയുടെ മിസൈലുകള്‍ക്കാകുമോ?

0Shares