കേരളത്തിന്‍റെ ദേശീയ പാതാ വികസനം അട്ടിമറിച്ചത് ബി.ജെ.പി; സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത് ശ്രീധരന്‍പിള്ള

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന്‍റെ ദേശീയ പാതാ വികസനം അട്ടിമറിച്ചത് ബി.ജെ.പി; സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേരളത്തിന്‍റെ ദേശീയപാത വികസനം അട്ടിമറിച്ചതിന‌് പിന്നിൽ ബി.ജെ.പി കേരളാഘടകം. സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി .എസ് ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച കത്ത‌് പുറത്തായി. ഔദ്യോഗിക ലെറ്റർപാഡിൽ 2018 സെപ്തംബർ 14നായിരുന്നു കത്തയച്ചത‌്.

ഭൂമി ഏറ്റെടുക്കാനുള്ള ത്രീ എ വിജ്ഞാപനം റദ്ദ‌ാക്കണമെന്നും ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച‌്ഐഎ) നടപടികൾ അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ദേശീയപാത വികസനം നടത്തിയാൽ മതിയെന്നാണ‌് പുതിയ തീരുമാനം. ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന ത്രീ എക്കുപുറമെ, ഭൂമി ഏറ്റെടുക്കുന്നുവെന്ന ത്രീ ഡി, നഷ്ടപരിഹാരത്തുക നിർണയിക്കുന്ന ത്രീ ജി വിജ്ഞാപനങ്ങൾ പുറത്തിറങ്ങിയശേഷമേ ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച‌്എഐ) മാനദണ്ഡപ്രകാരം ടെൻഡർ നടപടി ആരംഭിക്കൂ. എന്നാൽ, സംസ്ഥാന സർക്കാരിന്‍റെ നിരന്തര ഇടപെടലും സമ്മർദവുംമൂലം ത്രീ എ വിജ്ഞാപനം ഇറക്കിയാൽ ടെൻഡർ നടപടി ആരംഭിക്കാൻ ദേശീയപാത അതോറിറ്റി കേരളത്തിന‌് അനുമതി നൽകി.

ഡൽഹിയിലെ യോഗത്തിൽ മന്ത്രി നിതിൻ ഗഡ‌്കരിയാണ‌് മന്ത്രി ജി. സുധാകരന‌് ഇക്കാര്യത്തിൽ ഉറപ്പുനൽകിയത‌്. ഇതിനുപിന്നാലെയാണ‌് ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട‌് ശ്രീധരൻപിള്ള കത്തയച്ചത‌്. ബി.ജെ.പി നേതാവ‌് വി. മുരളീധരൻ എം.പിയും ഇക്കാര്യം ആവശ്യപ്പെട്ട‌് മന്ത്രിയെ കണ്ടിരുന്നു. ദേശീയപാത വികസനം ഈ സർക്കാരിന്‍റെ കാലാവധി കഴിഞ്ഞേ നടപ്പാക്കൂവെന്ന‌് കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട‌്. ഇക്കാര്യം അതോറിറ്റിയുടെ തിരുവനന്തപുരം മേഖലാ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ ദേശീയപാത വികസനത്തിന്‍റെ മുൻഗണനാ പട്ടിക തയ്യാറാക്കിയാണ‌് കേരളത്തെ ഒഴിവാക്കിയത‌്. ആദ്യ പട്ടികയിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണുള്ളത‌്. രണ്ടാം പട്ടികയിലാണ‌് കേരളം, കർണാടകം തുടങ്ങിയ ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ.

0Shares