തിരുവനന്തപുരം: കേരളത്തില്‍ കേരകൃഷിയുടെ പ്രതാപം വീണ്ടെടുക്കുന്നതിനായി സമഗ്ര വികസന പദ്ധതികള്‍ സംസ്ഥാന കൃഷി വകുപ്പു നടപ്പിലാക്കാനൊരുങ്ങുകയാണ്. ‘കേരകേരളംസമൃദ്ധ കേരളം’ എന്നതാണ് കേരവര്‍ഷത്തിന്റെ മുദ്രാവാക്യം. കേരവര്‍ഷത്തിന്റെ ഭാഗമായി ഏകദേശം 50 ല്‍ പരം കര്‍മ്മപദ്ധതികളാണ് വരുന്ന ഒരുവര്‍ഷക്കാലം നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. ക്ലസ്റ്റര്‍ തലത്തിലുളള അടിസ്ഥാന വികസനം ഉള്‍പ്പെടെ മൂല്യവര്‍ദ്ധനവിനും സംസ്‌കരണത്തിനുമുളള വിപുലമായ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രോഗബാധിതവും ഉല്‍പാദന ക്ഷമത കുറഞ്ഞതുമായ തെങ്ങുകളെ പദ്ധതി പ്രദേശത്തുനിന്ന് വെട്ടിമാറ്റുന്നതിന് നഷ്പരിഹാരം നല്‍കുക മാത്രമല്ല പകരം ഉല്‍പാദക ശേഷിയും ഗുണമേന്മയുളളതുമായ തൈകള്‍ പകുതി വിലയ്ക്ക് നല്‍കുവാനും പദ്ധതിയിടുന്നുണ്ട്. രോഗകീടബാധക്കെതിരായി മൂന്നുകോടിയുടെ പ്രത്യേക പദ്ധതിക്കു ധാരണയായി കഴിഞ്ഞു. പോളിഹൗസുകള്‍, മിനിപോളിഹൗസ്, തിരിനന, അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ് തുടങ്ങി നൂതന സാങ്കേതിക വിദ്യകളെല്ലാം തന്നെ ഫീല്‍ഡ്തല പ്രദര്‍ശന തോട്ടങ്ങള്‍ എല്ലാ കൃഷിഭവന്‍ തലത്തിലും നടത്തുന്നുണ്ട്. സാങ്കേതിക വിദ്യകളും നൂതന അറിവുകളും കര്‍ഷകരിലെത്തിക്കുന്നതിനായി സാധ്യമായ മാധ്യമ മാര്‍ഗങ്ങളും കൃഷി വകുപ്പ് അവലംബിച്ചുവരികയാണ്. കൃഷി വകുപ്പിന്റെ കര്‍മ്മസേന, അഗ്രോസര്‍വ്വീസ് സെന്റര്‍, എക്കോഷോപ്പുകള്‍, ബ്ലോക്കുതല ഫെഡറേറ്റഡ് നഴ്‌സറികള്‍ എന്നിവ ഇതിന് സഹായകമായി പ്രവര്‍ത്തിക്കുന്നു. ആത്മ, ലീഡ്‌സ് എന്നീ ഏജന്‍സികള്‍ മുഖേന വിജ്ഞാന വ്യാപന പ്രവര്‍ത്തനം സുഗമാക്കുന്നതിന് സാധ്യമായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് കൃഷി വകുപ്പിന്റെ വിപണി ഇടപെടലും വളരെ ശ്രദ്ധേയമായിരുന്നു. ഓണസമൃദ്ധി, വിഷുക്കണി എന്നീപേരുകളില്‍ 1500 ലധികം ചെറുകിട വിപണന ശാലകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുകയുണ്ടായി.
പഴം-പച്ചക്കറികള്‍ 10 മുതല്‍ 20 ശതമാനം വരെ അധിക വിലനല്‍കി കര്‍ഷകരില്‍ നിന്നും സംഭരിച്ച് 30 ശതമാനം വരെ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ വകുപ്പിന് കഴിഞ്ഞു എന്നത് എടുത്തുപറയത്തക്ക നേട്ടം തന്നെയാണ്. രണ്ടായിരത്തി ഇരുപത്തിരണ്ടോടെ കര്‍ഷക വരുമാനം ഇരട്ടിയാക്കുക എന്ന ഉദ്ദേശത്തോടും കര്‍ഷകന് സമൂഹത്തില്‍ മാന്യമായ ഒരു സ്ഥാനം നല്‍കുക എന്ന ലക്ഷ്യത്തോടും കൂടിയുമുളള വിസന പ്രവര്‍ത്തനങ്ങള്‍ വകുപ്പ് നടത്തി വരികയാണ്. സംസ്ഥാനത്തെ കര്‍ഷകരുടെ ചിരകാല അഭിലാഷമായിരുന്നു പ്രകൃതിക്ഷോഭം നിമിത്തമുണ്ടാകുന്ന വിള നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ മാന്യമായ ഒരു സഹായം ലഭിക്കുക എന്നത്. വിള ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിച്ചിട്ട് 21 വര്‍ഷം കഴിഞ്ഞെങ്കിലും കര്‍ഷകര്‍ക്കു നല്‍കുന്ന നഷ്ട പരിഹാര തുക വളരെ തുച്ഛമായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് 1995 മുതല്‍ നിലവിലുണ്ടായിരുന്ന സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതി 21 വര്‍ഷങ്ങള്‍ക്കുശേഷം നഷ്ടപരിഹാരത്തുക, വിവിധ സൂചികകളെ അടിസ്ഥാനമാക്കി ആനുപാതികമായി ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന പ്രധാനപ്പെട്ട മുഴുവന്‍ വിളകളെയും ഉള്‍പ്പെടുത്തി ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ സര്‍ക്കാര്‍ പുനരാവിഷ്‌കരിച്ച് ഉത്തരവാക്കുകയുണ്ടായി. പുനരാവിഷ്‌കരിച്ച വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം നഷ്ടപരിഹാര തുകയില്‍ ഇരട്ടി മുതല്‍ പതിമൂന്ന് ഇരട്ടി വരെയുള്ള വര്‍ദ്ധനവാണ് വിവിധ വിളകള്‍ക്ക് ഉണ്ടായിട്ടുള്ളത്. അതേ സമയം, പ്രീമിയം നിരക്ക് സംസ്ഥാനത്തെ പ്രധാനപ്പെട്ട വിളകളായ നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവയുടെ കാര്യത്തില്‍ 1995 – ല്‍ നിലവിലുണ്ടായിരുന്ന അതേ നിരക്ക് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.2017 ആഗസ്റ്റ് വരെ 60,000 കര്‍ഷകര്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. 57 ലക്ഷത്തിലധികം നഷ്ട പരിഹാരതുകയായി ഇതിനകം നല്‍കുവാനും വകുപ്പിന് കഴിഞ്ഞു. പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന ദുരിതങ്ങള്‍ കര്‍ഷകര്‍ക്ക് വന്‍ നാശനഷ്ടങ്ങളാണ് വിതയ്ക്കുന്നത്. വരള്‍ച്ച, വെളളപ്പൊക്കം, വന്യജീവി ആക്രമണം തുടങ്ങിയ ദുരിതങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ കര്‍ഷകര്‍ അനുഭവിക്കുന്നുണ്ട്.വന്യജീവി ആക്രമണങ്ങള്‍ ഉള്‍പ്പെടെ പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങള്‍ക്കും പരിഹാരമായി കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടാണ് പുനരാവിഷ്‌കരിക്കപ്പെട്ട വിള ഇന്‍ഷുറന്‍സ് പദ്ധതി കടന്നുവന്നിരിക്കുന്നത്.
