കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ നല്‍കേണ്ട ജി.എസ്.ടി. നഷ്ടപരിഹാര കുടിശ്ശിക 3200 കോടിയായി

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ നല്‍കേണ്ട ജി.എസ്.ടി. നഷ്ടപരിഹാര കുടിശ്ശിക 3200 കോടിയായി

ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിനുനൽകേണ്ട കുടിശ്ശിക 3200 കോടിയായി. രണ്ടുമാസത്തിലൊരിക്കൽ നൽകേണ്ട നഷ്ടപരിഹാരത്തിന്‍റെ രണ്ടുഗഡുവാണ് മുടങ്ങിയത്. മാർച്ചിൽ കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് കേരളം നേരിടേണ്ടിവരിക.

സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ചിൽ പദ്ധതികളുടെ ബില്ലുകൾ കൊടുത്തുതീർക്കുന്നത് ഇത്തവണ ഉണ്ടാവില്ല. ഒട്ടേറെ ബില്ലുകൾ അടുത്തവർഷത്തേക്കു മാറ്റിവെയ്‌ക്കേണ്ടിവരും. അടുത്ത സാമ്പത്തികവർഷത്തെ കുടിശ്ശിക രണ്ടുതവണയായി നൽകുമെന്ന് കേന്ദ്രബജറ്റിൽ മന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ സാമ്പത്തികവർഷത്തെ കുടിശ്ശിക എപ്പോൾ നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കാത്തത് സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നു. ഒക്ടോബർ മുതലുള്ള രണ്ടുഗഡുക്കളാണ് കിട്ടേണ്ടത്. ഏകദേശം 1600 കോടി രൂപയാണ് രണ്ടുമാസത്തിലൊരിക്കൽ കിട്ടേണ്ടത്.

മൂന്നാംഗഡു ഏപ്രിലിൽ കിട്ടണം. ഈ സാമ്പത്തികവർഷത്തെ അവസാനത്തെ മൂന്നുമാസങ്ങളിൽ കേന്ദ്രത്തിൽനിന്നു കിട്ടേണ്ട നികുതിവിഹിതത്തിലും സഹായധനത്തിലും മുൻവർഷത്തെക്കാൾ 3000 കോടി കുറഞ്ഞതായും ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഇത്തവണ പൊതുവിപണിയിൽനിന്ന് 24,500 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിന് അർഹതയുണ്ടായിരുന്നെങ്കിലും 16,602 കോടി മാത്രമേ കേന്ദ്രം അനുവദിച്ചിരുന്നുള്ളൂ. 7898 കോടിയാണ് കുറഞ്ഞത്.

അടുത്ത അഞ്ച് സാമ്പത്തികവർഷത്തേക്ക് കേരളത്തിന് റവന്യൂകമ്മി നികത്താൻ 15,323 കോടിരൂപ നൽകാൻ കേന്ദ്ര ധനകാര്യകമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇത് കേരളം ആവശ്യപ്പെട്ടതാണ്. ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചെങ്കിലും സംസ്ഥാനങ്ങൾക്കാകെ ഈയിനത്തിൽ ധനകാര്യകമ്മിഷൻ ശുപാർശചെയ്ത തുകയിൽ കുറച്ചാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളതെന്ന് ധനവകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു.

0Shares