ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലുണ്ടായ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി നരേന്ദ്രമോദി. ഗോവ മുഖ്യമന്ത്രിയാകാന്‍ പ്രതിരോധ മന്ത്രി പദം മനോഹര്‍ പരീക്കര്‍ രാജി വച്ചതിനാല്‍ കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയ്‌ക്കൊപ്പം ബി.ജെ.പിയിലും പുനഃസംഘട നടക്കാനാണ് സാധ്യത. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പി വളരെ കരുതലോടെയാണ് കാണുന്നത്. അതിനാല്‍ തന്നെ ഏറെകാലമായി കേരളത്തിന് ഒരു മന്ത്രി എന്ന മോദിയുടെ വാഗ്ദാനം പാലിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ എം.പി രാജീവ് ചന്ദ്രശേഖരന്‍, കുമ്മന്നം രാജശേഖരന്‍, സുരേഷ് ഗോപി എന്നിവരില്‍ ആര്‍ക്കാകും ആ സ്ഥാനം ലഭിക്കുക എന്നതും നോക്കി കാണേണ്ടതുണ്ട്.

മോദി അധികാരത്തിലേറിയതിനു ശേഷം കേരളത്തിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇത് കേരളത്തിലെ ബി.ജെ.പി നേതൃസ്ഥാനത്ത് വലിയ മാറ്റമുണ്ടാക്കി. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം. ഇതിനായി വെള്ളാപ്പള്ളിയുമായി കൂട്ടുകെട്ടുണ്ടാക്കിയതും കേരളം സാക്ഷ്യം വഹിച്ചതാണ്. എന്നാല്‍ വോട്ടുകളുടെ എണ്ണത്തില്‍ വലിയ നേട്ടമുണ്ടാക്കാനായതും നിയമ സഭയിലേക്ക് ഒരു അക്കൗണ്ട് തുറക്കാനായതും ബി.ജെ.പിക്ക് വലിയ കരുത്ത് പകരുന്നതാണ്. ഉത്തരേന്ത്യയിലുണ്ടായ ബി.ജെ.പിയുടെ വലിയ മുന്നേറ്റവും മനോഹര്‍ പരീക്കറിന്റെ രാജിയും കേരളത്തിലെ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ അവസരത്തിലെങ്കിലും കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെ സമ്മാനിക്കുമെന്നും ഇതു വഴി കേരളത്തില്‍ ബി.ജെ.പിക്ക് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ സാധ്യമാകുമെന്നാണ് പൊതു വിലയിരുത്തല്‍.