ന്യൂഡല്‍ഹി : വികസനവും ദാരിദ്ര നിര്‍മ്മാര്‍ജ്ജനവും ഏപ്പോഴും രാഷ്ട്രീയക്കാരുടെ ചര്‍ച്ചാ വിഷയവും വാഗ്ദാനവുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് മാത്രം കേട്ടു വരുന്ന വെറു പാഴ് വാക്കുകളാണ് ഇവയെന്ന് നമുക്ക് നന്നായി അറിയാം. കൊടും ദാരിദ്രത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ എന്നും അടിമകളാണ് എന്നത് വീണ്ടും ഓര്‍മ്മിപ്പിക്കുന്ന കാഴ്ച്ചയാണ് ഇന്നും ഇന്ത്യയിലെ പല ഭാഗത്ത് നിന്നും നാം കണ്ടു വരുന്നത്. അതിനൊരു ഉദാഹരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭരണ സിരാ കേന്ദ്രത്തിനു തൊട്ടു താഴെ ബല്‌സ്വയിലെ ജനങ്ങളുടെ ദുരിത ജീവിതം. ഡല്‍ഹിയിലെ മാലിന്യത്തിന്റെ മുക്കാല്‍ പങ്കും ശേഖരിച്ച് നിക്ഷേപിക്കുന്നത് ബല്‌സ്വയിലാണ്. ഇവിടെയുള്ള മാലിന്യത്തില്‍ നിന്ന് പുനഃര്‍ നിര്‍മ്മാണത്തിന് സാധിക്കുന്ന വസ്തുക്കള്‍ പെറുക്കിയെടുക്കാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം കുട്ടികളുടെ ദയനീയാവസ്ഥയാണ് കൈരളി പുറത്തു വിട്ടിരിക്കുന്നത്. കുട്ടികളെ അടിമകളാക്കി മുതിര്‍ന്നവരോടൊപ്പം ജോലി ചെയ്യിപ്പിക്കുന്നതിനു പിന്നില്‍ വന്‍ ലോബികള്‍ തന്നെയുണ്ട് എന്നതും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നൂറുകണക്കിന് പാവപ്പെട്ടവരാണ് ഇവിടെ അടിമകളായി പണിയെടുക്കുന്നത്. അതും കണ്ടാലറയ്ക്കുന്ന, മൂക്കുപെത്താതെ നടക്കാന്‍ സാധിക്കാത്ത ഈ മാലിന്യ കൂമ്പാരത്തിനു നടുവില്‍. 200 അടി ഉയരമുള്ള മാലിന്യ കൂമ്പാരത്തില്‍ വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടി കഷ്ടതകള്‍ വകവയ്ക്കാതെ ദിവസം 15 മണിക്കൂറിലധികം സമയമാണ് നാലു വയസ്സു മുതലുള്ള കുഞ്ഞുങ്ങള്‍ വരെ പണിയെടുക്കുന്നത്. ബംഗ്ലാദേശിലെ അഭയാര്‍ത്ഥികള്‍ മുതല്‍ ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് ഇടനിലക്കാര്‍ വഴി ഇവിടെ ജോലി ചെയ്യുന്നത്. തുച്ഛമായ വേതനത്തിന് ഇടനിലക്കാരുടെ ആവശ്യപ്രകാരം കഷ്ടതകള്‍ അനുഭവിച്ച് ജോലി ചെയ്യുന്ന ഇവരില്‍ പലരും പല പീഡനങ്ങള്‍ക്കും ഇരയായവരാണ്. കുട്ടികളില്‍ പലരും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പകരം ഒരു നേരത്തെ ഭക്ഷണത്തിനായി ഈ മാലിന്യ കൂമ്പാരത്തില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്. സ്ത്രീകളില്‍ പലരും ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാകപ്പെടുന്നു എന്നതും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഇതെല്ലാം കണ്ടും അറിഞ്ഞും ഗൗനിക്കാത്ത ഉദ്യോഗസ്ഥരും ഭരണാധികാരികളും ഇവരോട് കാണിക്കുന്നത് കൊടും ക്രൂരത തന്നെയാണ്. സ്വച്ഛ് ഭാരത് നടപ്പിലാക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇവരെപോലുള്ള നിസ്സഹായരായ മനുഷ്യരെ സംരക്ഷിക്കണം എന്നുള്ള ആവശ്യവും ശക്തമാണ്.
കടപ്പാട്: കൈരളി പീപ്പിള്‍.