കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞു; പൊലീസ് മാപ്പ് എഴുതി നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞു; പൊലീസ് മാപ്പ് എഴുതി നല്‍കി

പത്തനംതിട്ട: പ്രതിഷേധകരുടെ വാഹനമെന്ന് തെറ്റിദ്ധരിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞു. പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് തടഞ്ഞത്. മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പൊലീസ് മാപ്പ് പറഞ്ഞു. സംഭവത്തില്‍ എസ്.പി.ഹരിശങ്കര്‍ മാപ്പ് രേഖാമൂലം എഴുതി നല്‍കി.
പൊലീസ് നടപടിയെ തുടര്‍ന്ന് മന്ത്രിയുടെ യാത്ര അരമണിക്കൂറോളം തടസപ്പെട്ടു. പുലര്‍ച്ചെ ദര്‍ശനം കഴിഞ്ഞ മന്ത്രി ഇറങ്ങിയപ്പോഴായിരുന്നു സിഐയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞത്. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍നിന്ന് സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട മന്ത്രിയോട് എസ്.പി കയര്‍ത്ത് സംസാരിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. സുരക്ഷാ വീഴ്ചമുന്‍നിര്‍ത്തി സ്വകാര്യ വാഹനങ്ങളെ കടത്തി വിടാനാകില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര വ്യക്തമാക്കുകയുണ്ടായി. ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന മന്ത്രിയോടുള്ള യതീഷ് ചന്ദ്രയുടെ ചോദ്യം നിഷേധാത്മക നടപടിയാണെന്നും സംസ്ഥാനത്തെ മന്ത്രിമാരോട് അദ്ദേഹം ഇങ്ങനെ പെരുമാറുമോ എന്നും പൊന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. നടപ്പന്തലിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറ്റുന്നത് പരിഗണിക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയതായി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഐജിയും എസ്പിയുമായി സംസാരിച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, സന്നിധാനത്ത് പൊന്‍ രാധാകൃഷ്ണന്‍ നാമജപയജ്ഞം നടത്തി. നാനൂറോളം പേരടങ്ങുന്ന സംഘത്തോടൊപ്പം വാവരുനടയ്ക്ക് സമീപമായിരുന്നു നാമജപയജ്ഞം. ശബരിമലയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതായി പൊലീസ് അറിയിച്ചു. രാത്രിയില്‍ നടഅടച്ച ശേഷം സന്നിധാനം, വാവരുനട, വടക്കേനട തുടങ്ങിയ ഭാഗങ്ങളില്‍ വിരിവയ്ക്കുന്നതിനുള്ള നിയന്ത്രണം മാറ്റിയിട്ടില്ല. അതേസമയം, സന്നിധാനത്തു നാമജപയജ്ഞം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 75 ഓളം പേര്‍ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നാമജപയജ്ഞം. വടക്കേ നടയിലാണ് ഇവര്‍ ഒത്തുകൂടിയത്. സന്നിധാനത്ത് ശരണം വിളിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു നാമജപയജ്ഞം. നടപ്പന്തലിലേക്കു നീങ്ങാനുള്ള ഇവരുടെ ശ്രമം പൊലീസ് തടഞ്ഞു. ഇവര്‍ക്കു ചുറ്റും പൊലീസ് വലയം തീര്‍ത്തു.

0Shares