ബംഗലൂരു: അന്തരിച്ച കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് അഞ്ചിന് ബംഗളൂരുവിലെ ചാമരാജ് പേട്ട് ശ്മശാനത്തിലാണ് സംസാകാര ചടങ്ങുകള്‍ നടക്കുക. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ന് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 59 വയസായിരുന്നു. കേന്ദ്ര പാര്ലന്മെന്ററി കാര്യ മന്ത്രിയായിരുന്നു.
രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹത്തിനായിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗലൂരുവില്‍ തിരിച്ചെത്തിയിരുന്നു. അനന്ത്കുമാറിന്റെ വിയോഗത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അമിത്ഷായും അനുശോചനം രേഖപ്പെടുത്തി. അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ആറു തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയായും തിളങ്ങിയിരുന്നു. രാസവള വകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്ന അനന്ത് കുമാറിന്റെ അകാല വിയോഗം ഏറെ ദു:ഖിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബംഗലൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട് അനന്ത് കുമാര്‍ ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1996 ലാണ് അദ്ദേഹം ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്.
1985ല്‍ എ.ബി.വി.പി ദേശീയ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി. 96 ല്‍ ആദ്യമായി ലോക്സഭയില്‍. 1998 ല്‍ വാജ്പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായും പ്രവര്‍ത്തിച്ചു. 1999ലും മന്ത്രിസ്ഥാനത്തുണ്ടായിരുന്നു. 2003 ല്‍ കര്‍ണാടക ബി.ജെ.പി അധ്യക്ഷനായിരുന്ന അനന്ത് കുമാര്‍ അടുത്ത വര്‍ഷം ദേശീയ സെക്രട്ടറിയായി. 1959 ജൂലായ് 22ന് ബംഗലൂരുവില്‍ ജനനം. ഹൂബ്ലി കെ.എസ്. ആര്‍ട്സ് കോളേജില്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡോ. തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്.
കേന്ദ്രമന്ത്രി അനന്ത് കുമാറിൻ്റെ സംസ്കാരം ഇന്ന് വൈകീട്ട്; വിയോഗത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി