ദില്ലി: കേന്ദ്ര സർക്കാരിനും മോദിക്കുമെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുൽ ഗാന്ധി. റഫേല്‍ ഇടപാടില്‍ നരേന്ദ്രമോദി കൊള്ളയടിച്ചത് 30,000 കോടി എന്ന് രാഹുൽ ആവർത്തിച്ചു. ഇടപാടില്‍ മോദി നേരിട്ട് ഇടപെട്ടെന്നും ഇതിൻ്റെ തെളിവുകള്‍ പുറത്തു വന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതോടെ മോദി നടത്തിയ കൊള്ള തെളിഞ്ഞു. 30,000 കോടി കൊള്ളയടിച്ച് അനില്‍ അംബാനിക്ക് നൽകി. എന്നാൽ ഇടപാട് സംബന്ധിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞത് കള്ളമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

മോദി ഒരേ സമയം കള്ളനും കാവല്‍ക്കാരനുമാവുകയാണ്. ജനങ്ങൾക്കിടയിൽ കാവൽക്കാരനാകാൻ ശ്രമം നടത്തുമ്പോൾ കാവല്‍ക്കാരന്‍ തന്നെയാണ് കള്ളനെന്ന് അവർ തിരിച്ചറിയുന്നു. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദിയും നിര്‍മ്മല സീതാരാമനും കള്ളമാണ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കരാര്‍ ദുര്‍ബലമായെന്നും രാഹുല്‍ ആഞ്ഞടിച്ചു. ഞാൻ ഒരു വര്‍ഷമായി ആരോപിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഓരോന്നായി പുറത്തുവന്നതെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യന്‍ താല്‍പര്യത്തിന് വിരുദ്ധമായി റഫേൽ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി കാണിച്ച് പ്രതിരോധ മന്ത്രിക്ക് പ്രതിരോധ മന്ത്രാലയ സെക്രട്ടറി അയച്ച കത്ത് പുറത്തുവന്നിരിക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റഫേലില്‍ ചര്‍ച്ച നടത്തിയതെന്ന വിവരമാണ് പുറത്തായത്. ‘ദ ഹിന്ദു’വാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
