കെ.സുരേന്ദ്രൻ്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ല; ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി; ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്ക് മാറ്റി

  • Post category:news
  • Reading time:1 min read
You are currently viewing കെ.സുരേന്ദ്രൻ്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ല; ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി; ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്ക് മാറ്റി

കൊച്ചി: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും കോടതി ആരാഞ്ഞു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം കേട്ട് നാളെ വിധി പറയാമെന്ന് കോടതി അറിയിച്ചു.കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. സുരേന്ദ്രന്റെ പ്രവൃത്തികള്‍ ന്യായീകരിക്കാനാവില്ലെന്നും ഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ച് വിടാന്‍ നിരന്തരം ശ്രമിക്കുകയാണ്. ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രന്‍. സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരേന്ദ്രന്റെ പേരില്‍ നിലവില്‍ നിരവധി കേസുകളുണ്ട്. എട്ട് വാറന്റുകള്‍ സുരേന്ദ്രന്റെ പേരില്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ജയിലിലിടാന്‍ പറ്റുമെന്നും കോടതി തിരിച്ചു ചോദിച്ചു. എന്നാല്‍ ചിത്തിര ആട്ട വിശേഷത്തിന് സുരേന്ദ്രന്റെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ഇതിന്റെ ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

0Shares