പത്തനംതിട്ട: ഇരുമുടികെട്ടുമായി ശബരിമലയിലേക്ക് പുറപ്പെട്ട കെ.പി ശശികലയെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അറസ്റ്റ്. പമ്പ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 7.30 തോടെയാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ശബരിമലയിലെത്തിയത്. മരക്കൂട്ടത്ത് വെച്ച് പോലീസ് ഇവരെ തടഞ്ഞെങ്കിലും ഇവർ സന്നിദാനത്തേക്ക് പോകണമെന്ന് വാശിപിടിച്ചതാണ് പോലീസിനെ അറസ്റ്റിലേക്ക് നയിച്ചത്.
ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ശശികലയോട് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വനംവകുപ്പിന്റെ എമര്‍ജന്‍സി വാഹനത്തിൽ കെ.പി ശശികലയെ പമ്പ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കെ.പി ശശികലയുടെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പെട്ടന്നുണ്ടായ ഹർത്താലിൽ പൊതുജനം വലയുകയാണ്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അറസ്റ്റിന് ശേഷം റാന്നി പോലീസ് സ്റ്റേഷനിലേക്ക് ശശികലയെ മാറ്റിയിട്ടുണ്ട്. സ്റ്റേഷനിന് പുറത്ത് ഹിന്ദു ഐക്യവേദി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
കെ.പി ശശികല അറസ്റ്റിൽ; പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അറസ്റ്റ്