കെ.ദേവയാനി അവാര്‍ഡ് നിലമ്പൂര്‍ ആയിഷയ്ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കെ.ദേവയാനി അവാര്‍ഡ് നിലമ്പൂര്‍ ആയിഷയ്ക്ക്

കണ്ണൂര്‍: കരിവെള്ളൂര്‍ സമരനായകന്‍ എ.വി. കുഞ്ഞമ്പുവിന്റെ പത്നി കെ. ദേവയാനിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രശസ്ത നാടക-ചലച്ചിത്രനടി നിലമ്പൂര്‍ ആയിഷയ്ക്കു നല്‍കുവാന്‍ അവാര്‍ഡ് കമ്മിറ്റി തീരുമാനിച്ചു.25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ‘ജ്ജ് നല്ല മന്സനാകാന്‍ നോക്ക്’ എന്ന ഇ.കെ. അയമുവിന്റെ നാടകത്തില്‍ ആയിഷ എന്ന ഏറനാട്ടിലെ ഒരു മുസ്ലീം പെണ്‍കുട്ടി അഭിനയിച്ചുതുടങ്ങിയത് പലര്‍ക്കും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ‘നാടകത്തിലേക്കല്ല നരകത്തിലേക്കാണ് അവള്‍ പോവുക’ എന്ന പ്രചാരണത്തെ മാത്രമല്ല, കായികാക്രമണങ്ങളെയും നിലമ്പൂര്‍ ആയിഷ ധീരമായി ഉറച്ചുനിന്ന് പൊരുതിത്തോല്‍പിച്ചു. 2018 ലെ കെ. ദേവയാനി അവാര്‍ഡ് നിലമ്പൂര്‍ ആയിഷക്ക് നല്‍കുന്നതിലൂടെ ജീവിതം സമൂഹത്തിനു സമര്‍പ്പിച്ച അതുല്യരാഷ്ട്രീയബോധമുള്ള കലാകാരികളുടെ ഒരു തലമുറയെ മുഴുവന്‍ ആദരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി അറിയിച്ചു. പ്രഫ. ടി.എ. ഉഷാകുമാരി അദ്ധ്യക്ഷയും എന്‍. സുകന്യ, കരിവെള്ളൂര്‍ മുരളി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. അവാര്‍ഡ് സമര്‍പ്പണതീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കെ. ദേവയാനി മെമ്മോറിയല്‍ ട്രസ്റ്റിനുവേണ്ടി മാനേജിംഗ് ട്രസ്റ്റി കെ. വിജയകുമാര്‍ അറിയിച്ചു.

0Shares