തിരുവനന്തപുരം,(കണ്ണൂർ) : സംപ്രേഷണം തുടങ്ങി മണിക്കൂറുകള്‍ക്കകം പിണറായി സര്‍ക്കാറിനെ പിടിച്ചുലച്ചുകൊണ്ട് മംഗളം ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത രാഷ്ട്രീയ കേരളത്തേയും നടുക്കി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കിയ വാര്‍ത്ത അദ്ദേഹത്തിന്റെ രാജിയിലേക്കാണ് വഴി നടത്തിയത്. അതും ഒരു ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വാര്‍ത്ത! സാക്ഷരത കേരളം പീഡന കേരളമായി മാറിയ കാലഘട്ടത്തില്‍ സ്ത്രീത്വത്തെ കളങ്കപങ്കിലമാക്കികൊണ്ട് സംസ്ഥാന മന്ത്രി സഭയിലെ ഒരംഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പര്‍ഹിക്കാത്ത തെറ്റിനെക്കുറിച്ച് ഈ നവജാത ദൃശ്യമാധ്യമം പുറത്തുവിട്ട വാര്‍ത്ത കേരളത്തിന് അകത്തും പുറത്തുമുള്ള പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുക തന്നെ ചെയ്തു. കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് എ.കെ ശശീന്ദ്രന്‍. വാര്‍ത്ത പുറത്ത് വന്ന് മൂന്നുമണിക്കൂറിനുള്ളിലാണ് അദ്ദേഹം രാജിവെച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവം. ശരി തെറ്റുകളേക്കാള്‍ രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് താന്‍ രാജി വെയ്ക്കുന്നതെന്ന് മന്ത്രി രാജിവാര്‍ത്ത അറിയിച്ചു കൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്‍.സി.പി നേതാവും നിയമസഭയിലെ പരിചയ സമ്പന്നനും, മുതിര്‍ന്ന അംഗവുമായ അദ്ദേഹം കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2011 ല്‍ മണ്ഡലത്തില്‍ നിന്ന് നേടിയ 14,654 വോട്ടിന്റെ ഭൂരിപക്ഷം ഇരട്ടിയാക്കി 29,057 വോട്ടിനാണ് ജനതാദള്‍ (യൂ) വിന്റെ പി.കിഷന്‍ ചന്ദിനെ പരാജയപ്പെടുത്തിയത്. കണ്ണൂര്‍ എളയാവൂര്‍ സ്വദേശിയായ ശശീന്ദ്രന്‍ കെ.എസ്.യു.വിലൂടെയാണ് 1962 ല്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ’65 ല്‍ കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റായി. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിവിധ പദവികള്‍ വഹിച്ചശേഷം പിന്നീട് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്സ് എസ്സില്‍ ചേര്‍ന്നു. തുടര്‍ന്ന് എന്‍.സി.പി യില്‍ ചേക്കേറി. 1999 മുതല്‍ 2004 വരെ എന്‍.സി.പി യുടെ സംസ്ഥാന സെക്രട്ടറിയായി. 2006 മുതല്‍ നിയമസഭാകക്ഷി നേതാവ്. എന്‍.സി.പി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ് ശശീന്ദ്രന്‍. 1980 ല്‍ പെരിങ്ങളം നിയമസഭയില്‍ നിന്നാണ് എ.കെ ശശീന്ദ്രന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. ’82 ല്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. സ്വദേശമായ കണ്ണൂരില്‍ നിന്ന് ’87 ല്‍ പരാജയപ്പെട്ടുവെങ്കിലും 2006 ല്‍ ബാലുശേരിയില്‍ നിന്നും വിജയിച്ചു. 2016 ല്‍ എലത്തൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയവും തുടര്‍ന്ന് പിണറായി മന്ത്രി സഭയില്‍ അംഗവുമായി. ഒടുവില്‍ ഇപ്പോള്‍ മന്ത്രിയുടെ രാജിയില്‍ അത് കലാശിച്ചു. നിവേദനം നല്‍കാന്‍ എത്തിയ വനിതയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലെ അശ്ലീല ഭാഗങ്ങള്‍ പരാമര്‍ശിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ മന്ത്രി രാജിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.