കെ.എസ്.ആര്‍.ടി.സി ഭൂമി ഉദ്യോഗസ്ഥര്‍ മറിച്ചുവിറ്റു, എം.ഡി തിരിമറി കണ്ടുപിടിച്ചു; രാജമാണിക്യത്തിന് സ്ഥലംമാറ്റം ലഭിക്കാന്‍ കാരണം ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing കെ.എസ്.ആര്‍.ടി.സി ഭൂമി ഉദ്യോഗസ്ഥര്‍ മറിച്ചുവിറ്റു, എം.ഡി തിരിമറി കണ്ടുപിടിച്ചു; രാജമാണിക്യത്തിന് സ്ഥലംമാറ്റം ലഭിക്കാന്‍ കാരണം ഇങ്ങിനെ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഭൂമി ഉദ്യോഗസ്ഥര്‍ മറിച്ചുവിറ്റത് കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയതാണ് വകുപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും രാജമാണിക്യം ഐ.എ.എസ് തെറിക്കാന്‍ കാരണം എന്ന് വ്യക്തമാകുന്ന വിവരങ്ങള്‍ പുറത്തുവന്നു. തിരുവനന്തപുരം വിമാന താവളത്തിന് സമീപമുള്ള ഈഞ്ചക്കല്‍ ഡിപ്പോയുടെ ഭൂമിയാണ്‌ ഉദ്യോഗസ്ഥര്‍ മറിച്ചുവിറ്റതായി രാജമാണിക്യം കണ്ടെത്തിയിരുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇടപാട് നടന്നത്. പത്തുസെന്റ്‌ സ്ഥലം 1.45 ലക്ഷം രൂപയ്ക്കാണ് സ്വകാര്യവ്യക്തി വാങ്ങിയത്. ഈ വസ്തുവിന് 15 ലക്ഷം രൂപയ്ക്കടുത്ത് മതിപ്പുവില ഉള്ളതാണ് എന്നിരിക്കെയാണ് ചുരുങ്ങിയ വിലയില്‍ കച്ചവടം നടത്തിയത്.

വാങ്ങിയ പണം പലിശ സഹിതം തിരികെ നല്‍കി സ്ഥലം വീണ്ടെടുക്കാന്‍ രാജമാണിക്യം ഉത്തരവിട്ടിരുന്നു എങ്കിലും സ്വകാര്യവ്യക്തി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാകുന്നില്ല എന്നായിരുന്നു എസ്റ്റേറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ എം.ഡിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ എസ്റ്റേറ്റ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് അദ്ദേഹം തന്നെയാണ് വസ്തു കൈമാറിയത് എന്നാണ് സൂചന. ദീര്‍ഘദൂര ബസുകള്‍ക്ക് പുതിയ ടെര്‍മിനല്‍ പണിയുന്നതിനായാണ് കെ.എസ്.ആര്‍.ടി.സി ഇവിടെ പതിനഞ്ച് ഏക്കര്‍ ഭൂമി വാങ്ങിയിരുന്നത്. ടെര്‍മിനല്‍ നിര്‍മ്മാണം നടന്നിരുന്നുമില്ല. ഇതിനെ സംബന്ധിച്ചും ഭൂമി ഏറ്റെടുക്കുന്നതിനുമായി വിശദമായ അന്വേഷണം നടത്താന്‍ ഇരിക്കെയാണ് കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് നിന്നും രാജമാണിക്യത്തിന് സ്ഥാനമാറ്റം ഉണ്ടാവുന്നത്.

0Shares