
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ പെന്‍ഷന്‍ പ്രായം 56ൽ നിന്നും 60ആയി വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഇടതുമുന്നണിയുടെ അഭിപ്രായം തേടി. അടുത്ത മന്ത്രിസഭ യോഗത്തിന് മുന്‍പ് തീരുമാനം അറിയിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഘടകകക്ഷികള്‍ എതിര്‍പ്പുയര്‍ന്നില്ലെങ്കില്‍ യുവജനസംഘടനകളുടെ നിലപാടിനെ മറികടന്ന് അടുത്തയാഴ്ച കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍പ്രായം അറുപതാക്കും.

കടക്കെണിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3300 കോടി രൂപ വായ്പയെടുക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. വായ്പ നല്‍കണമെങ്കില്‍ പെന്‍ഷന്‍പ്രായം അറുപതാക്കണമെന്നാണ് കണ്‍സോര്‍ഷ്യത്തിന്റ നിബന്ധന. കെ.എസ്.ആര്‍.ടി.സിയുടെ ചെലവ് കുറയുകയും അതുവഴി തിരിച്ചടവ് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന നിര്‍ദേശം ഇടതുമുന്നണിയില്‍ അവതരിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സിയില്‍ മാത്രമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നേക്കും. അതിനാൽ, ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം അറിയിക്കാമെന്ന് ഘടകകക്ഷികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
