
പത്തനംതിട്ട : കെ.എസ്.ആര്.ടി.സി ജീവനക്കാരിയുടെ വീട്ടില്‍ ആളുമാറി പോലീസ് റെയ്ഡ്. പത്തനംതിട്ട കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റന്റാണ് പരാതിക്കാരി. വീട്ടിലെ മെത്തയും തലയണയും ബ്ലേഡ് ഉപയോഗിച്ച് കീറുകയും മുഴുവന്‍ വീട്ടു സാധനങ്ങളും വലിച്ചുവാരി തറയില്‍ ഇടുകയും, തന്നെ വസ്ത്രം അഴിച്ച് പരിശോധിക്കുകയും ചെയ്തുവെന്നാണ് പരാതി.
പരാതിയിൽ പറയുന്നത്: വീടുപണി നടക്കുന്നതിനാല്‍ യുവതിയും കുടുംബവും പന്തളം മെഡിക്കല്‍ മിഷന് സമീപം വാടക വീട്ടിലാണ് താമസം. ചികിത്സാര്‍ഥം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പോയി 23ന് ഉച്ചയ്ക്ക് വീട്ടില്‍ എത്തി വിശ്രമിക്കുമ്പോള്‍ ഒരു വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന്പോലീസുകാര്‍ വീട്ടില്‍ എത്തുകയായിരുന്നു. മുറ്റത്തു സംസാരിച്ചു നിന്ന സഹോദരീ പുത്രന് അജീഷ്, സുഹൃത്ത് ജോബിന് എന്നിവരുമായി കയര്‍ത്ത് പോലീസ് അസഭ്യം പറഞ്ഞുകൊണ്ട് വീടിനുള്ളിലേക്ക് ചാടിക്കയറി.

നാലും എട്ടും വയസ്സുള്ള തന്റെ മക്കളുടെ മുന്പില് വച്ച് അസഭ്യം പറയുകയും, വീട് റെയ്ഡ് ചെയ്യുകയാണെന്ന് അറിയിക്കുകയും ചെയ്തു. ബ്ലേഡ് ഉപയോഗിച്ച് മെത്തയും തലയണയും കീറി പരിശോധിച്ചു. മുഴുവന്‍ വീട്ടുസാധനങ്ങളും വലിച്ചുവാരിയിട്ടു. അതിനു ശേഷം വനിതാ പോലീസ് മുടിക്കു കുത്തിപ്പിടിച്ച് വലിച്ചിഴച്ച് വസ്ത്രം ഊരി ശരീരം പരിശോധിച്ചു. ഇതു കണ്ട് കുഞ്ഞുങ്ങള്‍ അലറിക്കരഞ്ഞു. തുടര്‍ന്ന് വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റാന്‍ തുടങ്ങി.
കുഞ്ഞുങ്ങളുമായി ഒപ്പം എത്താമെന്ന് അപേക്ഷിച്ചു. സഹോദരീപുത്രനെയും സുഹൃത്തിനെയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി.ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് വിട്ടയച്ചു. താന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവയ്ക്കുകയും, വിളിക്കുമ്പോള്‍ എത്തിയാല്‍ തിരികെ നല്‍കാമെന്ന് അറിയിച്ച് പറഞ്ഞുവിടുകയുമായിരുന്നു. 24ന് വൈകിട്ട് 5ന് എത്തി ഫോണ്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നും പുറത്തു പറയരുതെന്നും പോലീസ് ആവശ്യപ്പെട്ടു. സംഭവം പുറത്തു പറഞ്ഞാല്‍ ജോലി തെറിപ്പിക്കുമെന്നും കഞ്ചാവ് കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.
സംഭവത്തില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരും പോലീസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ജനമൈത്രി പോലീസ് ബീറ്റിനു പോയപ്പോള്‍ വീടിനു മുറ്റത്തിരുന്ന് രണ്ടു പേര് പുക വലിക്കുന്നതു കണ്ടെന്നും കഞ്ചാവാണെന്നു സംശയം തോന്നിയതിനാലാണ് വീട്ടില്‍ പരിശോധന നടത്തിയതെന്നുമാണ് പന്തളം സി.ഐ അറിയിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ തന്റെ ജോലി തെറിപ്പിക്കുമെന്നും കഞ്ചാവ് കേസില്‍ അകത്താക്കുമെന്നും ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്കിയ പരാതിയില്‍ പറയുന്നു.
