
മലപ്പുറം: വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് അങ്കം മുറുകവേ, മുസ്ലിം ലീഗിനെ കടന്നാക്രമിച്ചുകൊണ്ട് സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാണക്കാട് തങ്ങളുടെ ആധിപത്യത്തിന് പകരം പണാധിപത്യമാണ് ലീഗിൽ ഇപ്പോൾ ഉള്ളതെന്നും കെ. എന്‍. എ ഖാദര്‍ വേങ്ങര സ്ഥാനാര്‍ത്ഥിയായത് മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളെ ബ്ലാക്മെയില്‍ ചെയ്തിട്ടാണെന്നും കോടിയേരി മലപ്പുറത്ത് പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തെക്കുറിച്ചുള്ള മതിപ്പ് വര്‍ധിച്ചിട്ടുണ്ട്. ഇത് വേങ്ങരയില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് ഒരു ലക്ഷം വോട്ട് വര്‍ധിച്ചത് നേട്ടമായി. വേങ്ങര ഫലം മുസ്ലീം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. വേങ്ങരയില്‍ എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.
ബി. ജെ. പി വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണക്കാരുടെ സംരക്ഷകരാണെന്നും കോടിയേരി പറഞ്ഞു. പശുവിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത് 36 പേരെയാണെന്നും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനാണ് ബി. ജെ. പി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ലീഗിനൊരിക്കലും ബി. ജെ. പിയെ ചെറുക്കാന്‍ സാധിക്കില്ലന്നും കോടിയേരി വിമർശിച്ചു.
