കെട്ടിടത്തിലേക്ക് ചാഞ്ഞ തടി മുറിച്ചെന്ന പരാതി: ശയ്യാവലംബയായ തൊണ്ണൂറുകാരിയെ കട്ടിലില്‍ പോലീസ്‌റ്റേഷനിലെത്തിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കെട്ടിടത്തിലേക്ക് ചാഞ്ഞ തടി മുറിച്ചെന്ന പരാതി: ശയ്യാവലംബയായ തൊണ്ണൂറുകാരിയെ കട്ടിലില്‍ പോലീസ്‌റ്റേഷനിലെത്തിച്ചു

റാന്നി: സ്ഥലം കൈയേറി തടി മുറിച്ചെന്ന പരാതിയില്‍ പോലീസ് 90 കാരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോലിസ് സ്‌റ്റേഷനിലേക്ക. ഇതിനെത്തുടര്‍ന്ന്, ശയ്യാവലംബയായ തൊണ്ണൂറുകാരിയെ കട്ടിലില്‍ ബന്ധുക്കള്‍ റാന്നി സ്‌റ്റേഷനിലെത്തിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് പോലിസിനു നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. സ്ഥലം കൈയേറി മരങ്ങള്‍ മുറിച്ചെന്ന് ഒരു സഭയുടെ ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് തങ്ങളെ വിളിപ്പിച്ചതെന്ന് മറിയാമ്മയുടെ കൊച്ചുമകന്‍ ഷാജന്‍ പറയുന്നു. വീടിന്റെ മുകളിലേക്കു ചാഞ്ഞുകിടന്ന ഏതാനും കമ്പുകള്‍ മുറിച്ചതിനാണ് പരാതി നല്‍കിയിരിക്കുന്നത്. പുതുശ്ശേരിമല കണ്ടംകുളത്ത് മറിയാമ്മയെക്കെതിരേയാണ് പരാതി. സ്റ്റേഷനുസമീപംവരെ ഇവരെ കാറില്‍ കൊണ്ടുവരികയും അവിടെനിന്നു കട്ടിലില്‍ കിടത്തി സ്റ്റേഷന്‍വരെ കൊണ്ടുപോവുകയുമായിരുന്നു. മരുമകന്‍ മാത്യു, കൊച്ചുമകള്‍ റെനി, അയല്‍വാസി എന്നിവരാണ് ഇവരെ ചുമന്നുകൊണ്ടുവന്നത്. വീട്ടില്‍നിന്നിറങ്ങണമെന്നാവശ്യപ്പെട്ട് ഏതാനുംപേര്‍ ബുധനാഴ്ച വീട്ടിലെത്തി മറിയാമ്മയെ കട്ടിലില്‍നിന്നു താഴെയിടാന്‍ ശ്രമിക്കുകയും മകള്‍ സാറാമ്മയെയും മാത്യുവിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് സാറാമ്മ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വയോധികയെക്കൂട്ടി സ്റ്റേഷനിലെത്തിയശേഷമാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായതെന്നാണ് മറിയാമ്മയുടെ ബന്ധുക്കള്‍ പറയുന്നത്. എഴുപത്തിനാലു വര്‍ഷമായി മറിയാമ്മയും കുടുംബവും ഇവിടെയാണു താമസിക്കുന്നത്. ഈ സ്ഥലം സഭയുടേതാണെന്നും ഇറങ്ങിത്തരണമെന്നും പറഞ്ഞ് ചിലര്‍ ശല്യംചെയ്യുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ഭൂമിയുടെ കൈവശാവകാശരേഖയും കരംതീരുവയും ഇവരുടെ പക്കലുണ്ട്. ഇവിടെ പണ്ടു താമസിച്ചിരുന്ന ഒരാളെ പരിചരിച്ചതിനു സഭതന്നെ മറിയാമ്മയ്ക്കു വിട്ടുനല്‍കിയ സ്ഥലത്തിന് ഇപ്പോള്‍ ചിലര്‍ അവകാശമുന്നയിക്കുകയാണെന്നാണ് ഇവരുടെ പരാതി. ഇതുസംബന്ധിച്ച് പോലീസ് മേധാവിക്കും മനുഷ്യാവകാശകമ്മിഷനും വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് മറിയാമ്മയുടെ ബന്ധുക്കള്‍ പറഞ്ഞു. പോലീസ് പറയുന്നത് എന്നാല്‍, ഇരുപരാതിയും അന്വേഷിക്കാനാണ് ഇരുകൂട്ടരെയും വിളിച്ചതെന്നും, വയോധികയെ കൊണ്ടുവരണമെന്നു പറഞ്ഞിട്ടില്ലെന്നും സി.ഐ. എസ്.ന്യൂമാന്‍ വ്യക്തമാക്കി. മര്‍ദിച്ച സംഭവത്തില്‍ മൊഴിയെടുത്തു കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0Shares