ന്യൂഡല്‍ഹി: ഡല്‍ഹിമുഖ്യമന്ത്രിയായ അരവിന്ദ് കെജരിവാളിനെതിരെ അഴിമതിയാരോപണവുമായി പുറത്താക്കപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി കപില്‍ മിശ്ര. ആരോഗ്യ വകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിനിന്റെ കയ്യില്‍ നിന്നും കെജരിവാള്‍ പണം വാങ്ങുന്നത് കണ്ടു എന്നാണ് കപില്‍ മിശ്ര പറയുന്നത്. എന്തിനാണ് പണം വാങ്ങിയത് എന്ന് ചോദിച്ചതാണ് തന്റെ സ്ഥാനചലനത്തിന് കാരണം എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ രാഷ്ട്രീയത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമെന്നും ഇതിനെക്കുറിച്ച് പിന്നീട് പറയാമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും കപില്‍ മിശ്ര വെളിപ്പെടുത്തി.

കെജ്‌രിവാളിന്റെ ബന്ധുവിന്റെ 50 കോടി രൂപയുടെ ഭൂമിയിടപാട് നടത്തികൊടുത്തിട്ടുണ്ടെന്ന് ജെയിന്‍ പറഞ്ഞതായും മിശ്ര ആരോപിച്ചു. സംഭവത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്നും തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചോ ജീവനെക്കുറിച്ചോ താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യകതമാക്കി. ഇക്കാര്യങ്ങളെല്ലാം ലഫ്റ്റനന്റ് ഗവര്‍ണറുമായി നടത്തിയ കൂടികാഴ്ചയില്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായും മിശ്രപറഞ്ഞു. പ്രകടനം മോശമായതിനെ തുടര്‍ന്നാണ് ജലവിഭവ വകുപ്പില്‍ നിന്നും കപില്‍ മിശ്രയെ കെജരിവാള്‍ മന്ത്രിസഭ സ്ഥാനനീക്കം ചെയ്തത്.