
കണ്ണൂര്‍: കൃത്യമായ തയാറെടുപ്പിലും ഗൂഢാലോചനയിലും നടന്ന രാഷ്ട്രീയ കൊലപാതകമാണിത്. 1997 മുതല്‍ ഇതിനു വേണ്ടിയുള്ള ആസൂത്രണം നടന്നു. 2014ല്‍ കേന്ദ്രത്തില്‍ ബി. ജെ. പി അധികാരത്തിലെത്തിയ ശേഷം കണ്ണൂരിലെ സി. പി. എം കേന്ദ്രങ്ങളില്‍നിന്ന് പോലും നിരവധി ആളുകള്‍ പാര്‍ട്ടി വിട്ട് ബി. ജെ. പിയില്‍ ചേര്‍ന്നു. ഇത് സി. പി. എമ്മിന് ക്ഷീണമുണ്ടാക്കി. ബിജെപിയില്‍ ചേര്‍ന്നവര്‍ക്കായി 2014 ആഗസ്റ്റ് 24ന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അഞ്ഞൂറോളം സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഈ തിരിച്ചടിയില്‍നിന്ന് കരകയറാനും, പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം പടര്‍ത്താനുമാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി സി. പി. എം ജില്ലാ സെക്രട്ടറിയായ പി. ജയരാജനും ഏറെ ക്ഷീണമുണ്ടാക്കി. ഇതോടെ സംഘപരിവാര്‍ പ്രസ്ഥാനത്തിലെ ജില്ലാതലത്തില്‍ സ്വാധീനമുള്ള ആര്‍. എസ്എസ് നേതാവ് മനോജിനെ ലക്ഷ്യമിട്ടു. ഒന്നാംപ്രതി വിക്രമനുമായി ജയരാജന്‍ ഗൂഢാലോചന നടത്തി . മദ്യത്തി, വിക്രമനെ ജയരാജന്‍ തന്റെ ആവശ്യങ്ങള്‍ക്കായി പല ഘട്ടങ്ങളിലും ഉപയോഗിച്ചിരുന്നു.
2014 സപ്തംബര്‍ ഒന്നിനാണ് ആര്‍. എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ടത്. കിഴക്കെ കതിരൂരിലെ വീട്ടില്‍നിന്ന് ഇറങ്ങിയ മനോജിനെ വാഹനത്തിനുനേരെ ബോംബ് എറിഞ്ഞ ശേഷം വണ്ടിയില്‍നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. സി. പി. എം. അനുഭാവികളും അംഗങ്ങളുമായിരുന്നു മനോജിന്റെ കുടുംബാംഗങ്ങള്‍. പിതാവിന്റെ മരണശേഷം മനോജ് ആര്‍. എസ്. എസുമായി അടുത്തു. 1997ല്‍ മനോജ് ആര്‍. എസ്. എസില്‍ ചേര്‍ന്നു. മനോജിന്റെ കുടുംബത്തിന് ജയരാജനുമായി അടുപ്പമുണ്ടായിരുന്നു. മനോജിനോടു സി. പി. എമ്മിലേക്ക് മടങ്ങിവരാന്‍ ജയരാജന്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തില്‍ രണ്ടു തവണ മനോജിനെതിരേ രാഷ്ട്രീയ ആക്രമണമുണ്ടായി.
1999ല്‍ പി. ജയരാജനെ ആക്രമിച്ച കേസില്‍ മനോജ് അഞ്ചാം പ്രതിയായതോടെയാണ് ജയരാജനു പകയായത്. തുടര്‍ന്ന് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടത്തിയായിരുന്നു കൊലപാതകം. കേന്ദ്രത്തില്‍ ബി. ജെ. പി. അധികാരത്തില്‍ വന്നതോടെ കണ്ണൂരില്‍ സി. പി. എമ്മില്‍നിന്ന് ബി. ജെ. പിയിലേക്കും ആര്‍. എസ്. എസിലേക്കും പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായി. സി. പി. എം വിട്ട 500 പ്രവര്‍ത്തകരെ ബി. ജെ. പിയിലേക്കു സ്വീകരിക്കുന്ന ചടങ്ങ് 2014 ഓഗസ്റ്റ് 24ന് കണ്ണൂരില്‍ നടന്നിരുന്നു. സി. പി. എം. ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജയരാജന് ഇതൊരു പ്രശ്‌നമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകരാതിരിക്കാനും പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും ഉടനടി എന്തെങ്കിലും ചെയ്യേണ്ട സാഹചര്യം ജയരാജന് ഉണ്ടായി. ഇതിനായി ബി. ജെ. പിയുടെയും ആര്‍. എസ്. എസിന്റെയും ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുന്ന സ്വാധീനശക്തിയുള്ളവരെ അമര്‍ച്ച ചെയ്യുകയെന്നതായി ലക്ഷ്യം.
മനോജിനെ കൊല്ലാന്‍ ഒന്നാം പ്രതി വിക്രമനുമായി ജയരാജന്‍ ഗൂഢാലോചന നടത്തി. കണ്ണൂരില്‍ ജനങ്ങളില്‍ ഭീതി പരത്തുന്ന തരത്തില്‍ ആക്രമണം നടത്താനാണ് ഇവര്‍ ഗൂഢാലോചന നടത്തിയത്. കതിരൂരിനു പുറത്ത് കൂത്തുപറമ്പ്, മാലൂര്‍ എന്നിവിടങ്ങളിലുള്ള റഹിം, സിറാജ് തുടങ്ങിയവരും ആക്രമണത്തില്‍ പങ്കാളികളാണ്. കതിരൂരിനു പുറത്തുനിന്ന് ഇവരെ കൊണ്ടുവരാന്‍ വിക്രമന് തനിച്ചു കഴിയുമായിരുന്നില്ല. സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും മൊെബെലുമൊക്കെ എത്തിക്കാന്‍ സഹായമുണ്ടായിട്ടുണ്ട്. കേസിലെ മറ്റു പ്രതികള്‍ക്ക് നിയമസഹായം ഉള്‍പ്പെടെ എത്തിക്കാനും വിക്രമനു കഴിവില്ല. വിക്രമന്‍ മദ്യത്തിന് അടിമയാണെന്നും മദ്യപിച്ചാല്‍ തന്നെയും മകളെയും ഉപദ്രവിക്കുമെന്നും ഭാര്യാപിതാവ് ജയരാജനോടു പറഞ്ഞിട്ടുണ്ട്. ഇയാളെ ബംഗളുരുവിലെ നിംഹാന്‍സിലേക്ക് ചികിത്സയ്ക്കു കൊണ്ടുപോകാനായി കണ്ണൂര്‍ ജില്ലാ ആശുപത്രി ആര്‍. എം. ഒ. ആയിരുന്ന ഡോ: ലതീഷിനെ പ്രേരിപ്പിച്ച് വ്യാജ റഫറല്‍ ലെറ്റര്‍ സംഘടിപ്പിച്ചു നല്‍കിയത് ജയരാജനാണ്.
മദ്യപരെ ചികില്‍സിക്കാനുള്ള സൗകര്യം കണ്ണൂര്‍ ആശുപത്രിയില്‍ ഇല്ലെന്നു കാണിച്ചാണു ഡോ. ലതീഷില്‍ നിന്നു കത്ത് വാങ്ങിയത്. വിക്രമന്‍ ബംഗളുരുവിലായിരിക്കെ ജയരാജന്‍ തുടര്‍ച്ചയായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം നടന്ന കാലത്ത് തങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നു കാണിക്കാന്‍ ജയരാജന്‍ മനഃപൂര്‍വം അകന്നുനിന്നു.
* സെപ്തംബര്‍ ഒന്ന്: മനോജിനെ ഉക്കാസ്‌മൊട്ടയില്‍ വെച്ച് വാഹനത്തിനു നേരെ ബോംബ് എറിഞ്ഞ് ഒരു സംഘം വെട്ടിക്കൊന്നു.
* ഡി. വൈ. എസ്പി പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം. കതിരൂര്‍ പോലീസ് യു. എ. പി. എ പ്രകാരം കേസില്‍ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു.
* അന്വേഷണസംഘത്തലവനെതിരെ ആക്ഷേപമുന്നയിച്ച് ആര്‍. എസ്എസ് നേതൃത്വം രംഗത്തു വന്നു. പിന്നീട് എ. ഡി. ജി. പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
* സെപ്തംബര്‍ 11: കണ്ണൂര്‍ കോടതിയില്‍ മുഖ്യപ്രതി വിക്രമന്‍ കീഴടങ്ങി.
* സെപ്തംബര്‍ 26: കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മനോജിന്റെ വീട്ടിലെത്തി. സി. ബി. ഐ അന്വേഷണം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില്‍ പങ്കെടുത്ത 16 പേരില്‍ ഒരാളൊഴികെ മറ്റ് പ്രതികളെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി.
* 2014 നവംബര്‍ 20: സി. ബി. ഐ കേസ് ഏറ്റെടുത്തു. തിരുവനന്തപുരം യൂനിറ്റിലെ ഡി. വൈ. എസ്പി ഹരിഓം പ്രകാശിന്റെ നേതൃത്വത്തില്‍ ആസൂത്രണത്തെക്കുറിച്ച് അന്വേഷണം.
* 2015 മാര്‍ച്ച് 7: തലശേരി സെഷന്‍സ് കോടതിയില്‍ 19 പ്രതികളുടെ പേരിലുളള ആദ്യകുറ്റപത്രം സി. ബി. ഐ സമര്‍പ്പിച്ചു.
* 2015 ജൂണ്‍ 2: പി. ജയരാജനെ ചോദ്യം ചെയ്യാന്‍ സി. ബി. ഐ വിളിപ്പിച്ചു.
* ജൂലായ് 10: തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പി. ജയരാജന്‍ ഹര്‍ജി നല്‍കി.
* ജൂലായ് 24: കോടതി ഹര്‍ജി തളളി.
* 2016 ജനുവരി 6: വീണ്ടും ഹാജരാകാന്‍ നോട്ടീസ്. തലശേരി സെഷന്‍സില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി.
* ജനുവരി 19: ഹര്‍ജി വീണ്ടും തളളി.
* 21: ജയരാജന്റെ പേരില്‍ സി. ബി. ഐ കേസെടുത്തു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ജയരാജന്‍ ഹര്‍ജി നല്‍കി.
* ഫെബ്രുവരി 11: ഹൈക്കോടതിയും ഹര്‍ജി തളളി.
* 12: തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരായ ജയരാജനെ മാര്‍ച്ച് 11വരെ റിമാന്‍ഡ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി. 25ാം പ്രതി പി. ജയരാജന്‍ ഉള്‍പ്പെടെയുളള 6 പേരെ ആസൂത്രണത്തില്‍ പ്രതിചേര്‍ത്ത് സി. ബി. ഐ ഹൈക്കോടതിയില്‍ കുറ്റപത്രം നല്‍കി.
ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍ വിക്രമന്‍, പ്രഭാകരന്‍, ചപ്ര പ്രകാശന്‍, ജിതേഷ്, അണ്ടന്‍ വിനോദ്, അച്ചാര്‍ സുജിത്ത്, ഷിബിന്‍, ജോര്‍ജ് എന്ന വിജേഷ്, മുത്തു എന്ന വിജേഷ്, റിജു എന്ന റിജേഷ്, ഷാബിദ്, നായ്ക്കുട്ടി എന്ന മനോജ്, സിനില്‍, മുച്ചിറിയന്‍ രാമന്‍ എന്ന രാമചന്ദ്രന്‍, ബക്കളം കൃഷ്ണന്‍, നിത്തു എന്ന നിജിത്ത്, കുറുക്കന്‍ സിറാജ്, ജാഗ റഹീം ഇവര്‍ക്കെതിരെയാണ് ആദ്യ കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ പ്രതികള്‍2 0ാം പ്രതി പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി. ഐ.മധുസൂദനന്‍, കതിരൂര്‍ മഹേഷ്, സുനൂട്ടി എന്ന സുനില്‍കുമാര്‍, സജൂട്ടി എന്ന സജിലേഷ്, റിജു എന്ന പൂഴി റിജേഷ്, പി. ജയരാജന്‍.
