കൊല്ലം: കൂടെ ആളില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. അപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകനാ(30)ണ് ഏഴു മണിക്കൂറിന് ശേഷം മരണപ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ കൊല്ലത്താണ് ദാരുണമായ സംഭവമുണ്ടായത്. മുരുകന്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മുരുകനെ ഒരു സന്നദ്ധ സംഘടനയുടെ ആംബുലന്‍സില്‍ ആദ്യം കൊല്ലത്തെ ഒരുസ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. അപകടത്തില്‍പ്പെട്ടയാളുടെ കൂടെ കൂട്ടിരിപ്പുകാരില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ച് പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും വിവിധ സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും സമാനമായിരുന്നു പ്രതികരണം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അവിടെ വെന്റിലേറ്റര്‍ സൗകര്യം ലഭ്യമായിരുന്നില്ല.

സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗം പറഞ്ഞു. രോഗിക്ക് ചികിത്സ നിഷേധിച്ച കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കൊട്ടിയം പോലിസ് കേസെടുത്തു. രോഗിക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നുവെന്നും, വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനിലാണ് വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതെന്നുമായിരുന്നു കൊല്ലം മെഡിസിറ്റി ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികരണം. അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവറുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. കൂടാതെ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴിയും ഉടനെ രേഖപ്പെടുത്തും. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ നാല് ആശുപത്രികള്‍ക്കെതിരേകേസെടുത്തു.
