കുവൈറ്റില്‍ സര്‍ക്കാര്‍ ജോലിക്ക് ഇനി ഇന്ത്യക്കാരെ വേണ്ട; 2022 ഓടെ 100 ശതമാനവും സ്വദേശിവല്‍ക്കരിക്കാന്‍ നീക്കം തുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing കുവൈറ്റില്‍ സര്‍ക്കാര്‍ ജോലിക്ക് ഇനി ഇന്ത്യക്കാരെ വേണ്ട; 2022 ഓടെ 100 ശതമാനവും  സ്വദേശിവല്‍ക്കരിക്കാന്‍ നീക്കം തുടങ്ങി

കുവൈറ്റ്: സര്‍ക്കാര്‍ ജോലിക്ക് ഇനി ഇന്ത്യക്കാരെയടക്കമുള്ള വിദേശിയരെ കുവൈറ്റിനു വേണ്ട. 2022 ആകുന്നതോടെ കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ നൂറ് ശതമാനവും സ്വദേശിവല്‍ക്കരിക്കും. ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചു. സിവില്‍ സര്‍വീസ് കമ്മീഷന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ വിദേശികളെ പിന്‍വാതില്‍ വഴി നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പാര്‍ലമെന്റ് അംഗങ്ങളും രംഗത്തെത്തി. 2018നും 2019നും ഇടയില്‍ ഇതുസംബന്ധിച്ച പട്ടിക തയ്യാറാക്കി നല്‍കണമെന്നാണ് നിര്‍ദ്ദേശം. പിന്നീടുള്ള സമയങ്ങളില്‍ നിശ്ചിത ശതമാനം വിദേശികളെ കുറച്ച് 2022ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റുന്ന വിദേശികളുടെ കൃത്യമായ കണക്ക് തയാറാക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിവര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട തസ്തികകള്‍, കലാ സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍, ഡിപ്പാര്‍ട്ടുമെന്റ് തലത്തിലെ മുഴുവന്‍ തസ്തികകള്‍ എന്നിവയെല്ലാം സമ്പൂര്‍ണ സ്വദേശിവല്‍ക്കരണ പദ്ധതിയുടെ പരിധിയില്‍വരുമെന്നാണ് സൂചന. അതിനിടെ ഉന്നതരുടെ സ്വാധീനത്തിലൂടെയും മറ്റും സര്‍ക്കാര്‍ മേഖലയില്‍ വിദേശികളെ നിയമിക്കുന്നതിനെതിരെ എം.പിമാര്‍ രംഗത്തെത്തി ഹംദാന്‍ അല്‍ ആസിമി, ഫൈസല്‍ അല്‍ കന്ദരി, മുഹമ്മദ് അല്‍ ഹുവൈല തുടങ്ങിയ പാര്‍ലമെന്റ് അംഗങ്ങളാണ് അനധികൃത നിയമനത്തിനെതിരെ രംഗത്തുവന്നത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ കൂടിവരുന്ന സാഹചര്യത്തില്‍ വിദേശികളുടെ എണ്ണം കുറച്ച് ഇതിന് പരിഹാരം കണ്ടെത്തണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

0Shares