കുവൈത്തില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത; ഇന്ന് പൊതു അവധി

  • Post category:news
  • Reading time:1 min read
You are currently viewing കുവൈത്തില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത; ഇന്ന് പൊതു അവധി

കുവൈത്ത്: കുവൈത്തില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി അറിയിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി വൈദ്യുതിമന്ത്രി ബഖീത് അല്‍ റാഷിദി വ്യക്തമാക്കി. മഴ കണക്കിലെടുത്ത് ബുധനാഴ്ച രാജ്യത്തെ എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ചൊവാഴ്ച വൈകീട്ട് ചേര്‍ന്ന അടിയന്തിര കാബിനറ്റ് യോഗമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൊവാഴ്ച പ്രത്യേക യോഗം ചേര്‍ന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും പരമാവധി താമസസ്ഥലങ്ങളില്‍ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തുപോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. കടലില്‍ പോകരുതെന്നും വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും. അതിനിടെ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്നും ഇടിയോടെയുള്ള മഴക്കും ശക്തമായ കാത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകനായ ഈസാ റമദാന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നു അദ്ദേഹം നിര്‍ദേശിച്ചു.

0Shares