കുവൈത്ത്: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖ്, ഹസാവി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച നടന്ന പൊലീസ് റെയ്ഡില്‍ പിടിയിലായ വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തരമന്ത്രാലയം. പിടികൂടിയ 927 പേരുടെ രേഖകള്‍ പരിശോധിച്ചതായി സുരക്ഷ വിഭാഗം അറിയിച്ചു. ഇതില്‍ 497പേരെയാണ് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഇസ്സാം അല്‍ നഹാമിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരിശോധന. വിവിധ സേനാ വിഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്. ഹസാവിയിലെ തെരുവ് കച്ചവടം നടത്തുന്ന സ്ഥലത്ത് പരിശോധനക്കെത്തിയ ഫര്‍വാനിയ മുനിസിപ്പല്‍ സംഘത്തിനെതിരെ കച്ചവടക്കാര്‍ അക്രമാസക്തമായതിനെ തുടര്‍ന്നാണ് കൂട്ടപ്പരിശോധന അരങ്ങേറിയത്.
നിയമലംഘകരെ പിടികൂടുന്നതിനായാണ് പരിശോധനാ കാമ്പയിന്‍ നടത്തുന്നതെന്നും പൊതുജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയവരില്‍ എട്ടു പേര്‍ സിവില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. 59 തെരുവ് കച്ചവടക്കാരും 172 പേര്‍ താമസ രേഖകളില്ലാത്തവരുമാണ്. മയക്കുമരുന്ന് കേസ് പ്രതികളായ മൂന്നു പേരും സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയ 60 പേരും 297 ഗതാഗത നിയമലംഘനകരും ഇക്കൂട്ടത്തിലുണ്ട്.
കുവൈത്തില്‍ റൈഡ്; പിടികൂടിയ 497 വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തരമന്ത്രാലയം