ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാരനെന്നാരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാകിസ്ഥാന്‍ പാലിക്കില്ലെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ കാര്യത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇടപെട്ടത് തങ്ങളുടെ അധികാര പരിധി ലംഘിച്ചു കൊണ്ടാണെന്നാണ് പാക് ആഭ്യന്തരമന്ത്രാലയം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍. സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ട്, അതാണ് തങ്ങളും ചെയ്യുന്നതെന്നാണ് പാകിസ്ഥാന്റെ വാദം.

ജാദവിന് വധശിക്ഷ വിധിക്കും മുമ്പ് കേസ് സംബന്ധിച്ച എല്ലാ കാര്യങ്ങളും യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോധി വഴി നീതിന്യായ കോടതിയെ അറിയിച്ചിരുന്നെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു. കുല്‍ഭൂഷണിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ നടപടി അധികാരപരിധി ലംഘിച്ചുള്ളതാണെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് കുറ്റപ്പെടുത്തി. അതേസമയം കേസില്‍ തിങ്കളാഴ്ച്ച അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേള്‍ക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്ക് വേണ്ടി നീതിന്യായ കോടതിയില്‍ ഹാജരാകുന്നത്.