കുറഞ്ഞ ദിവസത്തിനിടെ നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; മധ്യപ്രദേശില്‍ ‘നിപ വൈറസ്’ മുന്നറിയിപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing കുറഞ്ഞ ദിവസത്തിനിടെ നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; മധ്യപ്രദേശില്‍ ‘നിപ വൈറസ്’ മുന്നറിയിപ്പ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളില്‍ നിപ വൈറസ് മുന്നറിയിപ്പ്. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊത്തോടെയാണ് നിപ വൈറസിന്‍റെ സാന്നിധ്യം പരിശോധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 250 ഓളം വവ്വാലുകള്‍ ചത്തതായിട്ടാണ് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയത്.

ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ വെറ്റിനറി ലാബോററട്ടിയിലേക്ക് അയച്ചിട്ടുണ്ടെന്നും കടുത്ത ചൂടും ഉയര്‍ന്ന താപനിലയുമാണ് വവ്വാലുകള്‍ കൂട്ടത്തോടെ മരണപ്പെടാനുണ്ടായ കാരണമെന്നുമാണ് പ്രാഥമിക നിഗമനമെന്നും വെറ്റിനറി ഡോക്ടര്‍ ബി.എസ് ഥാക്കറെ പറഞ്ഞു. പ്രാദേശികമായി നിപാ വൈറസിന്‍റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറും ഗുണയിലെ ഹെല്‍ത്ത് ഓഫീസറുമായ ഡോ.പി.എസ് ബങ്കര്‍ പറഞ്ഞു.

എന്നാല്‍ കേരളത്തില്‍ നിപാ വൈറസിന്‍റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍
മുന്‍കരുതലെടുക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് കാമ്പസിലാണ് വവ്വാലുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കൂട്ടത്തോടെ ചത്തുവീഴാന്‍ തുടങ്ങിയത്. മരങ്ങളില്‍ നിന്നും വവ്വാലുകള്‍ കൂട്ടത്തോടെ താഴെ വീഴുകയായിരുന്നെന്നും നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ ചില മൃഗങ്ങളും ചത്തുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ചത്ത മൃഗങ്ങളെ കണ്ടെത്തിയ ശേഷം മുനിസിപ്പാലിറ്റിയെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നെന്നും എന്‍.എഫ്.എല്‍ കാമ്പസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിന് ശേഷം വനംവകുപ്പ് സംഘം സ്ഥലത്തെത്തിയെന്നും ഇവര്‍ പറഞ്ഞു. ആരോഗ്യപരിശോധനയ്ക്കായി ഡോക്ടര്‍മാരേയും പാരാ മെഡിക്കല്‍ സ്റ്റാഫുകളേയും അടുത്തുള്ള 10 ഗ്രാമങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

 

0Shares