വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം മേശയില്‍ ഇടിച്ച് പൊളിക്കുമെന്ന് ഹോളിവുഡ് നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നോഗര്‍. മാര്‍ച്ച് മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന ‘മെന്‍സ് ജേണലി’ന് നല്‍കിയ അഭിമുഖത്തിലാണ് ഷ്വാസ്‌നോഗറുടെ ഈ ഭീഷണി വാക്കുകള്‍. രണ്ട് ദിവസം മുമ്പാണ് ട്രംപും അര്‍നോള്‍ഡും തമ്മിലുള്ള വാഗ്വാദം ആരംഭിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുറച്ച് കാലം മുമ്പ് ‘അപ്രന്റീസ്’ എന്ന ചാനല്‍ പരിപാടിയുടെ അവതാരകനായിരുന്നു ട്രംപ്. പിന്നീട് അദ്ദേഹം തിരഞ്ഞെടുപ്പ് തിരക്കുകളില്‍ അലിഞ്ഞ് ചേര്‍ന്നപ്പോള്‍ ചാനല്‍ അധികൃതര്‍ പകരം അവതാരകനാക്കിയത് അര്‍നോള്‍ഡിനെയായിരുന്നു.

അര്‍നോള്‍ഡ് പരിപാടി അവതരിപ്പിച്ച് കുളമാക്കിയെന്നും ഇതുമൂലം ചാനലിന്റെ റേറ്റിങ് വളരെ താഴ്ന്നു പോയെന്നുമാണ് ട്രംപ് പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി അര്‍നോള്‍ഡും അദ്ദേഹത്തിന്റെ വക്താവും രംഗത്തെത്തിയിരുന്നു. ‘നമുക്ക് നമ്മുടെ ജോലികള്‍ പരസ്പരം വെച്ചുമാറാം. നിങ്ങള്‍ ടിവിയില്‍ പരിപാടി അവതരിപ്പിച്ചോളൂ. ഞാന്‍ അമേരിക്കന്‍ പ്രസിഡന്റായിക്കോളാം. അതോടെ ജനങ്ങള്‍ക്ക് വീണ്ടും നന്നായി ഉറങ്ങാം.” അര്‍നോള്‍ഡ് ട്രംപിനോടായി പറയുന്നു.തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി മേല്‍ നമ്മള്‍ ഒരിക്കലും ശത്രുക്കളല്ല, മറിച്ച് നല്ല സുഹൃത്തുക്കളും അയല്‍ക്കാരുമാണ് എന്ന് ഓര്‍ക്കുക. ഏറ്റവും പ്രധാനം, നമ്മള്‍ അമേരിക്കയെ ഉന്നതിയിലെത്തിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഉത്തരവാദപ്പെട്ടവരാണെന്നും അര്‍നോള്‍ഡ് ട്രംപിനെ ഓര്‍മ്മിപ്പിച്ചു.