
കണ്ണൂര്‍: ഉദ്ഘാടന ദിവസം കൊച്ചി മെട്രോയില്‍ ക്ഷണിക്കാതെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പം കയറിയതോടെ ട്രോളര്‍മാര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ചാര്‍ത്തിയ പട്ടമാണ് കുമ്മനടി. വെറുതെ പേരിടുക മാത്രമല്ല, അര്‍ബന്‍ ഡിക്ഷനറി, വിക്കി പീഡിയ പേജുകളിലും ക്ഷണിക്കാതെ കടന്നുകയറുന്നതിനെ കുമ്മനടി എന്ന് വിശേഷിപ്പിച്ചുകൊണ്ട് എഡിറ്റിംഗ് ഉണ്ടായി. ഇപ്പോള്‍ സാക്ഷാല്‍ കുമ്മനം രാജശേഖരന്‍ തന്നെ തന്റെ പേരിനോട് ഉള്ള പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പറയുന്നവര്‍ അത് പറയട്ടെ. എങ്കിലും ട്രോളുകാര്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് ഒഴിവാക്കി നിലവാരം പുലര്‍ത്തണം. ട്രോളുകളിലെ പരിഹാസം വ്യക്തമാക്കുന്നത് അതുണ്ടാക്കുന്നതവരുടെ മാനസീകാവസ്ഥയാണെന്നും കുമ്മനം പ്രതികരിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുമ്മനം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പറയാന്‍ മാത്രം ഉള്ള ആശയം ഇല്ലാത്തവരാണ് അധിക്ഷേപം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
