
ഐക്യരാഷ്ട്രസഭ മുന്നോട്ടു വെക്കുന്ന ”കുതിക്കാം പുരോഗതിക്കായ്” എന്ന ആശയവുമായി ഇന്ന് ഈ വര്‍ഷത്തെ ലോക വനിതാദിനം ആചരിക്കുന്നു. ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഇതേ തുടര്‍ന്ന് എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചുവരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.
1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.
ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാദിനാചരണം.

അതിനെ തുടർന്ന് 1910 ൽ , കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി. തുടർന്ന് തൊട്ടടുത്ത വർഷം, 1911 മാർച്ച് എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. ഇതനുസരിച്ച്,1911 മാർച്ച് 19ന് ജർമ്മനിയും സ്വിറ്റ്സർലാന്റുംഉൾപ്പെടെ ഉള്ള രാജ്യങ്ങൾ വനിതാദിനം ആചരിച്ചു.
1917 മാർച്ച് എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. റഷ്യയിൽ മാർച്ച് 8 ഇന്നും വിപുലമായി ആചരിക്കുന്നു, അവിടെ അത് പൊതു അവധി ദിവസവുമാണ്.1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.
ചരിത്രം ആവേശമുണർത്തുന്നത് തന്നെയാണെങ്കിലും ഇന്നത്തെ സമൂഹത്തിൽ സ്ത്രീ എന്തു നേടി എന്നത് വലിയൊരു ചോദ്യചിഹ്നമായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. സാമൂഹികമായും തൊഴില്പരമായും സ്ത്രീ പുരുഷനൊപ്പം എത്തിനില്ക്കുന്നു എന്നു ആവർത്തിച്ച് അവകാശപ്പേടുമ്പോഴും സ്വന്തം കുടുംബത്തിൽ പോലും അവൾ സുരക്ഷിതയല്ലെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം മനസ്സിൽ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. എല്ലാ രംഗങ്ങളിലും മാറ്റം ഉണ്ടാകുന്ന പോലെ സ്ത്രീയോടുള്ള സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രത്യാശയോടെ നമുക്കെന്നുമാദരിക്കാം, അമ്മയെ, ഭാര്യയെ, സഹോദരിയെ, മകളെ…
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശ്രമത്തിലാണ് സർക്കാരുകൾ. നിയമവും ശിക്ഷയുമല്ല, സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും തയ്യാറാകുന്ന മനുഷ്യസമൂഹമാണ് യാഥാര്‍ത്ഥ്യമാകേണ്ടത്. സ്ത്രീസുരക്ഷയ്ക്ക് ലോകത്തിന് മാതൃകയാക്കാവുന്ന ചില രാജ്യങ്ങളുണ്ട്. ഓസ്ട്രേലിയ, കാനഡ, അയര്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളാണ് അവയെന്ന് യുഎന്‍ഡിപി ജെന്റര്‍-റിലേറ്റഡ് ഡവലല്‍മെന്റ് ഇന്റക്സ് വ്യക്തമാക്കുന്നു. നമ്മുടെ രാജ്യം എന്നാണ് സ്ത്രീ സുരക്ഷയില്‍ മാതൃക കാട്ടുക?
