ഗുരുഗ്രാം: ഫെയ്സ്ബുക്കിനും വാട്സ് ആപ്പിനും അടിമയായ ഭാര്യയെ ഭര്‍ത്താവ് കൊന്നു. സോഷ്യല്‍ മീഡിയയില്‍ മുഴുകിയ ഭാര്യ കുട്ടികളെപോലും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് യുവതിയെ കൊന്നത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സെക്ടര്‍ 32 ലാണ് സംഭവം. വ്യാഴാഴ്ച്ച രാത്രിയിലാണ് ലക്ഷ്മിയെ (32) ഭര്‍ത്താവ് ഹരിഓം( 35) ഹോം ഫ്ളോറ്റില്‍ വച്ച് കൊലപ്പെടുത്തിയത്. ഉറങ്ങുന്ന സമയത്തായിരുന്നു ലക്ഷ്മിയെ ഹരിഓം കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മകളെ സന്ദര്‍ശിക്കാനായി ലക്ഷ്മിയുടെ അച്ഛന് ബല്‍വാത്ത് സിങ് എത്തിയപ്പോഴാണ് സംഭവമറിയുന്നത്. ലക്ഷ്മി കട്ടിലില്‍ രക്തത്തില്‍ കുളിച്ച് മരിച്ചു കിടക്കുന്നതും സമീപത്തായി ഹരിഓം ഇരിക്കുന്നതുമാണ് കണ്ടത്. പിതാവ് ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഹരിഓമിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കംപ്യൂട്ടര്‍ റിപ്പയര്‍ ഷോപ്പിന്റെ ഉടമയാണ് ഹരിഓം. 2006 ലായിരുന്നു ഇരുവരുടെയും വിവാഹം. ഹരിഓം- ലക്ഷ്മി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. ആദ്യ വര്‍ഷങ്ങളില്‍ കുടുംബം സമാധാനപരമായാണ് മുന്നോട്ട് പോയതെന്നും എന്നാല്‍ താന്‍ ലക്ഷ്മിക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുത്തതാണ് എല്ലാപ്രശ്നങ്ങള്‍ക്കും കാരണമെന്നും ഹരി പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഫോണ്‍ ലക്ഷ്മിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുത്തി. ഇതോടെ തന്നെയും കുട്ടികളെയും ലക്ഷ്മി അവഗണിക്കാന്‍ തുടങ്ങിയതായും ഭക്ഷണം പാകം ചെയ്യുകയോ വീട്ടുജോലികള്‍ ചെയ്യുകയോ പോലും ചെയ്യാതെ രാത്രിയും പകലും ഫോണില്‍ തന്നെ മുഴുകി. കുട്ടികളെ സ്കൂളില്‍ നിന്നും തിരികെ കൊണ്ടുവരാനും ലക്ഷ്മിക്ക് സമയമില്ലാതായതായും ഹരി പറയുന്നു. ആദ്യമൊന്നും ഹരി ഇത് അത്ര കാര്യമാക്കിയില്ല. എന്നാല്‍ ക്രമേണ ലക്ഷ്മിയുമായി വക്കേറ്റം ഉണ്ടാകുക പതിവായി. ഇതോടെ എട്ടുവയസുള്ള മകനെയും 10 വയസുള്ള മകളെയും ബോര്‍ഡിങ്ങ് സ്കൂളിലേക്ക് മാറ്റി. എന്നാല്‍ കുട്ടികളെ അസാന്നിധ്യം പോലും ലക്ഷ്മിയെ ബാധിച്ചില്ലെന്നും ഫോണില്‍ ചെലവഴിക്കുന്ന സമയം കൂടുകയാണ് ചെയ്തതെന്നും ഹരി പറയുന്നു. ലക്ഷ്മി സോഷ്യല്‍ മീഡിയ അക്കൗണ്ട് തന്നെ ഒരിക്കലും കാണിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയ വഴി ലക്ഷ്മിക്ക് പലരുമായി ചാറ്റ് നടത്താറുണ്ട്. പ്രണയബന്ധം ഉള്ളതായി തനിക്ക് സംശയം ഉണ്ടായിരുന്നെന്നും ഇതേ ചൊല്ലി വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതായും ഹരി പറയുന്നു. തുടര്‍ന്ന് ഉറങ്ങാന്‍ പോയ ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടികളെ ശ്രദ്ധിക്കാന്‍ പോലും കഴിയാതെ ഫേസ്ബുക്കിനും വാട്ട്സാപിനും അടിമയായി വീട്ടമ്മ; മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കേണ്ടിവന്ന ഭര്‍ത്താവ് യുവതിയോട് ചെയ്തത്