
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന സംശയത്താൽ ട്രാന്‍സ് ജന്‍ഡറിനെ ജനക്കൂട്ടം അടിച്ചു കൊന്നു. പശ്ചിമ ബംഗാളില്‍ ജല്‍പൈഗുരി ജില്ലയിലെ നഗ്രകട്ടയിലാണ് ദാരുണമായ സംഭവം നടന്നത്.കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് സംശയിച്ച് പ്രദേശവാസികള്‍ ട്രാന്‍സ് ജന്‍ഡറെ പിന്തുടരുകയും തുടര്‍ന്ന് മർദ്ദിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കല്ലു കൊണ്ട് തലയില്‍ ഇടിക്കുകയും ദേഹത്ത് പല തവണ ചവിട്ടുകയും ചെയ്തു. മർദ്ദനമേറ്റ് ചോരയില്‍ കുളിച്ചിട്ടും അവരെ ആരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചില്ല. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ട്രാന്‍സ് ജന്‍ഡറിനെ പോലീസ് ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ദേബാശിഷ് ചക്രബര്‍ത്തി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
