
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷ കഠിനമാക്കാന്‍ പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കേസിലെ പ്രതികള്‍ക്ക് പരമാവധി വധശിക്ഷതന്നെ ഉറപ്പാക്കും വിധമാണ് ഭേദഗതി.കുട്ടികള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമം തടയല്‍ (പോക്‌സോ) 2012 നിയമത്തിലെ 4,5,6,9,14,15, 42 വകുപ്പുകളാണ് ഭേദഗതിചെയ്യുന്നത്. നിഷ്ഠുരമായ ലൈംഗികാതിക്രമ കേസുകളില്‍ പരമാവധി വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതിയാണ് കൊണ്ടുവരികയെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഇത്തരം കേസുകളില്‍ കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷവും പരമാവധി ശിക്ഷ ജീവപര്യന്തവുമാണ്.
പ്രകൃതിക്ഷോഭങ്ങളോ മറ്റ് ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കാനാണ് 9ാം വകുപ്പ് ഭേദഗതി. ശരീരവളര്‍ച്ച വേഗമെത്താന്‍ ഹോര്‍മോണുകളോ മറ്റ് രാസപദാര്‍ഥങ്ങളോ ഉപയോഗിച്ച് കുട്ടികളെ പീഡിപ്പിക്കുന്നത് തടയാനുള്ള വ്യവസ്ഥകള്‍ ഭേദഗതിയിലുണ്ടാകും. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാണ് 14, 15 വകുപ്പുകളുടെ ഭേദഗതി. ഇത്തരം വീഡിയോകള്‍ സൂക്ഷിക്കുന്നവര്‍ക്കും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താത്തവര്‍ക്കും കനത്ത പിഴ ചുമത്താനും വ്യവസ്ഥയുണ്ടാകും. പരാതി നല്‍കാനോ കോടതിയില്‍ തെളിവ് സമര്‍പ്പിക്കാനോ അല്ലാതെ ഇത്തരം വീഡിയോകള്‍ കൈമാറ്റം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് തടവുശിക്ഷ ഉറപ്പാക്കും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനാണ് പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.