പാലക്കാട്: സ്ത്രീകളെ ആക്ഷേപിച്ച മുസ്ലിംലീഗ് എം.എല്‍.എ യ്ക്ക് അതേവേദിയില്‍ സിപിഐഎം നേതാവിന്റെ മറുപടി. പാലക്കാട് അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം നടന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടന ചടങ്ങിലാണ് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ വിവാദ പ്രസംഗം നടത്തിയതും ബൃന്ദാ കാരാട്ട് മറുപടി നല്‍കിയതും. ‘സ്ത്രീകളുടെ ജോലി പരദൂഷണം പറയലാണ്. കുടുംബശ്രീ, തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ വന്ന ശേഷം സ്ത്രീകള്‍ക്ക് പരദൂഷണം പറയാന്‍ സമയം കിട്ടുന്നില്ല’ എന്നായിരുന്നു എംഎല്‍എ അഭിപ്രായപ്പെട്ടത്.

ചടങ്ങില്‍ അധ്യക്ഷനായിരുന്നു ഷംസുദ്ദീന്‍ എംഎല്‍എ. ഇതിന് ശേഷം പ്രസംഗിക്കാന്‍ എത്തിയത് സിപിഐഎം നേതാവായ ബൃന്ദാ കാരാട്ട് ആയിരുന്നു. സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ക്കുള്ള കാഴ്ചപ്പാടുകളിലൊന്നാണ് എംഎല്‍എ പറഞ്ഞത് എന്ന് വ്യക്തമാക്കിയാണ് ബൃന്ദാ കാരാട്ട് പ്രസംഗം തുടങ്ങിയത്. പ്രസംഗം എംഎല്‍എയ്ക്കുള്ള മറുപടി കൂടിയായിരുന്നു. പുരുഷന്മാര്‍ വെറുതേ മദ്യപിച്ചുകൊണ്ടിരിക്കുന്നവരാണ് എന്ന് താന്‍ പറയുന്നില്ലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. സ്ത്രീകള്‍ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതേണ്ട കാലഘട്ടമാണ് ഇത്. കണ്ണീരോടെ ഇരിക്കേണ്ടവരല്ല സ്ത്രീകളെന്നും ബൃന്ദാ കാരാട്ട് ഓര്‍മ്മിപ്പിച്ചു. ഉദ്യോഗസ്ഥര്‍ ആദിവാസി മേഖലകളിലെ ജനങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം. അതിന് തയ്യാറല്ലാത്തവര്‍ക്ക് അവരോട് സംസാരിക്കാന്‍ അവകാശമില്ല. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പോലുള്ളവ ഉപയോഗിച്ച് അട്ടപ്പാടിയിലും മാറ്റങ്ങളുണ്ടാവണമെന്നും അവര്‍ പറഞ്ഞു.