
തിരുവനന്തപുരം: കുടിയന്മാര്‍ക്ക് ആശ്വാസ വാര്‍ത്ത ഇപ്പോള്‍ കേള്‍ക്കാനാകുന്നത്. പ്രളയത്തെ തുടര്‍ന്ന് മദ്യത്തിന് ഏര്‍പ്പെടുത്തിയ അധിക എക്സൈസ് തീരുവ സര്‍ക്കാര്‍ പിന്‍വലിച്ചു. മദ്യത്തിന് ഏര്‍പ്പെടുത്തിയ അധിക എക്സൈസ് തീരുവയിലൂടെ ലഭിച്ചത് 310 കോടി രൂപ. പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താനാണ് മദ്യത്തിന് അധിക എക്സൈസ് തീരുവ ഏര്‍പ്പെടുത്തിയത്. നൂറുദിവസംകൊണ്ട് 230 കോടിയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. പ്രതീക്ഷിച്ചതിലധികം നേട്ടം കൈവരിച്ചതോടെയാണ് അധിക തീരുവ സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതോടെ മദ്യവില 20 മുതല്‍ 60 രൂപവരെ കുറഞ്ഞു. ശനിയാഴ്ചയാണ് പഴയ നിരക്ക് പുനഃസ്ഥാപിച്ചത്. ഓഗസ്റ്റിലാണ് മദ്യത്തിന് അര ശതമാനം മുതല്‍ മൂന്നരശതമാനം വരെ തീരുവ കൂട്ടാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി സര്‍ക്കാര്‍ സ്വീകരിച്ച പല മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു ഇത്.
വിലയുടെ അടിസ്ഥാനത്തില്‍ വിവിധ തട്ടുകളായി തിരിച്ചാണ് തീരുവ കൂട്ടിയത്. ഇതോടെ വില്പനനികുതിയും വര്‍ധിച്ചു. ദുരിതാശ്വസത്തിന് മറ്റ് മാര്‍ഗങ്ങളില്‍ പ്രതീക്ഷിച്ച പണം കിട്ടാത്തതിനാല്‍ അധികതീരുവ കൂടുതല്‍ കാലത്തേക്ക് ഈടാക്കുന്നത് സര്‍ക്കാരിന് സഹായകരമായിരുന്നു. എന്നാല്‍, മദ്യത്തിന്റെ വില കൂടുന്നത് വ്യാജമദ്യ ഉത്പാദനവും വിപണനവും വര്‍ധിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് റിപ്പോര്‍ട്ട് നല്‍കി. എക്സൈസിന്റെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് അധികതീരുവ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.