കുടക് പ്രളയം: 2000 കോടി രൂപ ആവശ്യപ്പെട്ട കര്‍ണാടകക്ക് അടിയന്തിര സഹായംപോലും കേന്ദ്രം നല്‍കിയില്ല 

  • Post category:news
  • Reading time:1 min read
You are currently viewing കുടക് പ്രളയം: 2000 കോടി രൂപ ആവശ്യപ്പെട്ട കര്‍ണാടകക്ക് അടിയന്തിര സഹായംപോലും കേന്ദ്രം നല്‍കിയില്ല 

മംഗളൂരു: ഈമാസം 14 മുതല്‍ 22 വരെ പെയ്ത കനത്ത മഴ സൃഷ്ടിച്ച പ്രളയത്തില്‍ 3000 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ച കര്‍ണാടകക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായമായി ഒന്നും നല്‍കിയില്ല. 2000കോടി രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പ്രളയം താണ്ഡവമാടിയ കുടക് ജില്ലയില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1140 കോടി രൂപയുടെ നഷ്ടമുണ്ടായി. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയായ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അവരുടെ എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വാഗ്ദാനം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങള്‍ വഴി ഏഴ് കോടിയും ലഭ്യമാക്കും. കേന്ദ്രസഹായം നഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കുമെന്നാണ് ഇനിയുള്ള പ്രതീക്ഷ. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ഇതിനകം 46.15കോടി രൂപ ലഭ്യമായതായി കുടക് ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ പി.ശ്രീവിദ്യ അറിയിച്ചു.78 വര്‍ഷത്തിന് ശേഷം കര്‍ണാടക സാക്ഷ്യം വഹിച്ച കുടകിലെ മഹാപ്രളയ ദുരിതാശ്വാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസവേതനം മിച്ചം പിടിച്ചെടുത്തിട്ടുണ്ട്. 102 കോടി രൂപ ഇതിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും. 25.16 കോടി രൂപ സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ലഭ്യമാക്കി. കുടക് ജില്ലയില്‍ 1120 വീടുകളാണ് പ്രളയത്തില്‍ തകര്‍ന്നത്. ഇതില്‍ 186 എണ്ണം നിശ്ശേഷം തകര്‍ന്നവയാണ്. പ്രകൃതിദുരന്ത മേഖലക്ക് ഇണങ്ങുന്ന ഭവനങ്ങള്‍ പ്രീഫാബ്രിക്കേറ്റഡ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് ഭവന-നഗരവികസന മന്ത്രി യു.ടി.ഖാദര്‍ കുടക് സന്ദര്‍ശനാനന്തരം അറിയിച്ചിരുന്നു.

0Shares