
യു.പി: ഓക്സിജൻ ലഭിക്കാതെ എഴുപതിലധികം കുട്ടികളുടെ മരണത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. ഉത്തരവ് യു. പി.യിലെ ബി. ജെ. പിയിൽ അമർഷത്തിന് കാരണമായി. സ്വന്തം മണ്ഡലമായ ഗൊരഖ്പൂരില്‍ ഇതുവരേയും ആദിത്യനാഥിന് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടില്ലായെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനം ബിജെപിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. കുട്ടികള്‍ മരിച്ചത് ആശുപത്രിയുടെ അനാസ്ഥതമൂലമല്ലെന്നായിരുന്നു ആദിത്യനാഥിന്റെ നിലപാട്.

സര്‍ക്കാര്‍ ഫണ്ട് നല്‍കാതിരുന്നതിനാലാണ് ഓക്‌സിജന്‍ സപ്ലേ ചെയ്യുന്ന ഏജന്‍സിക്ക് പണം നല്‍കാതിരുന്നതെന്നും ഇതുകാരണമാണ് ഓക്‌സിജന്‍ ഏജന്‍സി സപ്ലേ മുടക്കിയതെന്നും ആശുപത്രി മുന്‍പ്രിന്‍സിപ്പല്‍ തുറന്നുപറഞ്ഞിരുന്നു. ഇതും യു. പി സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരമില്ലെങ്കില്‍ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് കടുത്ത നിലപാടെടുത്തതോടെ ആഭ്യന്തരം യോഗിക്ക് നല്‍കി മൗര്യയെ ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു.
