
അയോധ്യ കേസിൽ വാദം കേൾക്കൽ അവസാനദിനത്തിലേക്ക് കടക്കുമ്പോൾ സുപ്രീംകോടതിയിൽ അത്യന്തം നാടകീയ രംഗങ്ങൾ. രാമജന്മഭൂമിയുടെ സ്ഥാനം രേഖപ്പെടുത്തിയ മാപ്പ് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചുകീറി. ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ഹാജരാക്കിയ പുസ്തകങ്ങളും രേഖകളും മാപ്പുകളുമാണ് ധവാൻ ജഡ്ജിമാർക്ക് മുമ്പിൽ വച്ച് വലിച്ച് കീറിയത്.

കീറി കളയണമെങ്കിൽ കളഞ്ഞോളൂ എന്ന് കോടതി പറഞ്ഞതോടെയാണ് രാജീവ് ധവാൻ മാപ്പ് വലിച്ചു കീറിയത്. അടുത്ത കാലത്ത് എഴുതിയ ഇത്തരം പുസ്തകങ്ങളൊക്കെ എങ്ങനെ തെളിവായി എടുക്കുമെന്ന് ധവാൻ വാദിച്ചു. നിങ്ങളിങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എഴുന്നേറ്റ് പോകുമെന്നും ഇന്ന് വൈകുന്നേരം അഞ്ചിനുള്ള തന്നെ വാദങ്ങൾ അവസാനിപ്പിക്കണമെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അഭിഭാഷകർക്ക് കർശനനിർദേശം നൽകി.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേൾക്കുന്നത്. ഇന്ന് വാദം കേൾക്കലിന്റെ നാല്പതാം ദിവസമാണ്. നവംബര്‍ 15ന് മുമ്പ് അയോധ്യ ഹര്‍ജികളിൽ ഭരണഘടനാ ബെഞ്ച് വിധി പറയുമെന്നാണ് വിവരം.
