കീഴാറ്റൂർ – നുണകൾ കൊണ്ട് ഒരു ബൈപ്പാസ്

  • Post category:news
  • Reading time:5 mins read
You are currently viewing കീഴാറ്റൂർ – നുണകൾ കൊണ്ട് ഒരു ബൈപ്പാസ്

നിശാന്ത് പരിയാരം എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും ആശങ്കയും കീഴാറ്റൂര്‍ സമരത്തിനും അതിന്‍റെ പിന്നിലെ വസ്തുതകളിലേക്കും പുതിയ വെളിച്ചം വീശുന്നവയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കീഴാറ്റൂർ വയലിലൂടെ തന്നെ 4 വരിപ്പാത നിർമിക്കുമെന്ന് പ്രതിജ്ഞയെടുത്തവർ നുണകൾ കൊണ്ട് ഒരു 40 വരിപ്പാത ഇപ്പോൾ തന്നെ നിർമിച്ചു കഴിഞ്ഞു. അതിലെ സുപ്രധാന നുണയാണ് കീഴാറ്റൂരിലെ 60 ഭൂ ഉടമകളിൽ 56 പേരും സ്ഥലം കൈമാറാനുള്ള സമ്മത പത്രം നൽകിക്കഴിഞ്ഞു എന്നത് . ഈ പോസ്റ്റിനോടൊപ്പം കൊടുത്ത പട്ടികയിൽ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നു കാട്ടി പരാതി കൊടുത്ത കിഴാറ്റൂർ പാടശേഖരത്തിലെ 42 ഭൂവുടമകളുടെ പേര് വിവരമാണുള്ളത്.

നിരവധി കള്ളങ്ങൾ നിർദിഷ്ട ബൈപ്പാസിനെ സംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. വയലിലൂടെയുള്ള അലൈൻമെന്റിനെ അനുകൂലിച്ച് “സത്യമറിയുന്ന ആൾ ” എന്ന വിശേഷണത്തോടെ സിനിമാ സംവിധായകൻ ഷെറി ഗോവിന്ദൻ എഴുതിയ കുറിപ്പിനുള്ള മറുപടിയാണിത്.
ഷെറിയുടെ വാദങ്ങൾ താഴെ പറയുന്നവയാണ്.

1) 250 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന ഭീതിയിലാണ് സമരം തുടങ്ങിയത്..

മറുപടി – 250 ഏക്കർ ഏറ്റെടുക്കുമെന്ന ഭീതിയിലല്ല സമരം തുടങ്ങിയത് , കീഴാറ്റൂർ വയലിനെയും ഗ്രാമത്തെയും കീറി മുറിച്ചു കൊണ്ട് വലിയ മൺമതിൽ പോലെ ഭീമൻ പാത വരുന്നതിനെതിരെയായിരുന്നു സമരം. വയൽ നെല്ലറയാണെന്നതു മാത്രല്ല വയൽ തങ്ങളുടെ നാടിന്‍റെ ‘ജലഅറ’യാണെന്ന ഉയർന്ന പാരിസ്ഥിതിക ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു വയൽക്കിളികളുടെ പോരാട്ടം .. 800 ഓളം പേർ പങ്കെടുത്ത് വയലിൽ മനുഷ്യമതിൽ തീർത്തപ്പൊഴും വയൽക്കിളികളുടെ പ്രധാന മുദ്രാവാക്യം “കുടിവെള്ളത്തിനു ക്യൂ നിൽക്കാൻ കീഴാറ്റൂരിനു കഴിയില്ല” എന്നായിരുന്നു. പൈപ്പിൽ വെള്ളമെത്തിക്കും എന്ന MLA യുടെ ആദ്യകാല പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് 6 മാസം മുൻപേ തന്നെ വയൽക്കിളികൾ പ്രതികരിച്ചത്.

45 മീറ്റർ വീതിയിൽ ആറോ ഏഴോ മീറ്റർ ഉയരത്തിൽ, വയൽ നികത്തി ഉയർത്താനുള്ള മണ്ണ് ഏത് കുന്നിടിച്ചാണ് കൊണ്ടുവരിക എന്ന യുക്തിഭദ്രമായ ചോദ്യം സമരാരംഭം മുതൽ തന്നെ വയൽക്കിളികൾ ഉന്നയിക്കുന്നുണ്ട്. തളിപ്പറമ്പ് – പയ്യന്നൂർ ദേശീയപാതയിൽ ചുടലയ്ക്ക് കിഴക്കു ഭാഗത്ത് വൻകിടക്കാർ വാങ്ങിക്കൂട്ടിയ കുന്നുകൾ കീഴാറ്റൂർ ബൈപ്പാസിനായി ഇടിച്ചു നികത്താമെന്ന ‘രഹസ്യ ധാരണ’ യോടെയാണെന്ന ആരോപണം സമരക്കാരിൽ ചിലർ തുടക്കം മുതൽ ഉന്നയിക്കുന്നതും ഓർക്കുക.

അതായത് റോഡിനായി എത്ര ഏക്കർ ഭൂമി വിട്ടു കൊടുക്കേണ്ടി വരും എന്ന കേവല ‘റവന്യൂ ‘ ആശങ്കയല്ല, ഏതു വേനലിനും മുറ്റത്തെ കിണറ്റിലെ മൂന്നു കോലാഴത്തിൽ നിന്നും തെളിനീർ കോരിയെടുത്ത ഗ്രാമീണന്‍റെ ‘ജല ആശങ്ക’ യും കീറി മുറിക്കപ്പെടുന്ന ഒരു കമ്യൂണിസ്റ്റ് ഗ്രാമത്തിന്‍റെ സാമൂഹിക ആശങ്കയും അതിനെല്ലാമപ്പുറത്ത് കീഴാറ്റൂരിലെ മണ്ണിന്‍റെ നനവിനാൽ തൊട്ടുണർത്തപ്പെട്ട, ‘ജൈവ ആശങ്ക’യുമാണ് അന്നും ഇന്നും വയൽക്കിളികളുടെ പോരാട്ടത്തിന്റെ കാതൽ എന്നർത്ഥം..

2 ) വെറും 11 .5 ഏക്കർ ഭൂമി മാത്രമാണ് ബൈപാസിനായി ഏറ്റെടുക്കുന്നത്, ഇതിൽ അഞ്ചേക്കറിൽ താഴെ മാത്രമാണ് വയൽ, അതിൽ തന്നെ കൃഷി നടന്നത് തീരെ കുറച്ച് സ്ഥലത്തും –

മറുപടി – പച്ച നുണ. കുപ്പം മുതൽ കുറ്റിക്കോൽ വരെ 5 കിലോമീറ്ററിലധികം ഭൂമി ഏറ്റെടുക്കുന്നുണ്ട്. 5 കിലോമീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും അളന്ന് കുറ്റിയടിച്ചാൽ മാത്രം വിസ്തൃതി 55 .5 ഏക്കർ വരും..
ഈ 5 കിലോമീറ്ററും ഇടമുറിയാത്ത നെൽവയലാണെന്ന് ഒരു ഘട്ടത്തിലും ഒരു സമരാനുകൂലിയും പറഞ്ഞിട്ടില്ല . വയലുകൾക്കിടയിൽ അതിരിട്ടതു പോലെ തെങ്ങിൻ നിരകളുണ്ട്, പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലങ്ങളുണ്ട്, അതൊന്നും കണക്കിലെടുത്തില്ലെങ്കിലും ഏറ്റെടുക്കപ്പെടുന്ന ഭൂമിയുടെ 60 ശതമാനവും നെൽവയൽ തന്നെയാണ്.

കീഴാറ്റൂർ പാടശേഖര സമിതിയിൽ മാത്രം 58 അംഗങ്ങളുണ്ട് അവരെല്ലാം നേരിട്ടോ ഭൂമി പാട്ടത്തിനു നൽകിയോ നെൽ കൃഷി ചെയ്യുന്നവർ തന്നെയാണ് , അപൂർവം ചിലർ ഭൂമി തരിശിടുന്നുണ്ട് എന്നത് വസ്തുതയാണ്, തരിശിട്ട ഭൂമി കളിലേക്കു കൂടി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നു വരികയാണ്, ഈ ശ്രമങ്ങൾ ഒരു പരിധിവരെ വിജയം കാണുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ഏതാനും സെന്റ് നിലം തരിശിടുന്നുണ്ട് എന്നത് ഒരു പാടശേഖരത്തെയാകെ മണ്ണിട്ടു നികത്താനുള്ള ന്യായമായ കാരണമായി കണക്കു കൂട്ടിയാൽ കേരളത്തിലെ എത്ര പാടശേഖരങ്ങൾക്ക് ഇനി നിലനിൽക്കാൻ യോഗ്യതയുണ്ടാകും?

3) തോട് മൂടില്ല, നീരൊഴുക്ക് നഷ്ടപ്പെടില്ല , ഒരു വീടും പോകില്ല..

മറുപടി – ശരാശരി 60 മീറ്റർ വീതിയുള്ള വയലിൽ 45 മീറ്റർ വീതിയിൽ മണ്ണിട്ടുയർത്തിയാൽ വയലിനോടു ചേർന്നൊഴുകുന്ന തോട് അതിന്റെ സ്വാഭാവികതയോടെ നിലനിൽക്കുകയും ഒഴുകുകയും ചെയ്യും എന്ന് ചിന്തിക്കുന്നത് തന്നെ മൗഢ്യമാണ്. നീരൊഴുക്ക് നഷ്ടപ്പെടില്ല എന്നത് എന്ത് യുക്തി വച്ചാണു പറയുന്നത്…!! തോട്ടിലെ നീരൊഴുക്കും വയലും തമ്മിലുള്ള ബന്ധമറിയാൻ പ്രൈമറി സ്കൂൾ നിലവാരത്തിൽ മാത്രമുള്ള പാരിസ്ഥിതിക വിവേകം മതിയാകും. (വയലിന്‍റെ 80 ശതമാനവും ചുകന്ന മണ്ണിട്ടുയർത്തിയാൽ തോടിന്‍റെ നീരൊഴുക്ക് നഷ്ടമാകില്ല എന്ന കണ്ടെത്തലിന് 2018 ലെ ഹരിത കേരള പുരസ്കാരം നൽകാവുന്നതാണ്..)
ബൈപാസിനായി കുപ്പത്തിനും കുറ്റിക്കോലിനുമിടയിൽ ഭൂമി ഏറ്റെടുക്കുമ്പോൾ ഒരു വീടും പോകില്ല എന്നതും ശുദ്ധനുണയാണ്. മാന്തങ്കുണ്ടിലും കുപ്പത്തുമായി ആകെ 50 വീടുകളും 10 മറ്റ് കെട്ടിടങ്ങളും പൊളിച്ചു നീക്കേണ്ടി വരും എന്നതാണ് വസ്തുത..

4) നെല്ലുൽപാദനം അതേ അളവിൽ തുടരും.

മറുപടി – വയലിന്റെ സിംഹഭാഗവും മണ്ണിട്ട് മൂടിയാൽ നെല്ലുൽപാദനം കുറയില്ല എന്ന് പറയുന്നവർക്ക് കാര്യമായ എന്തെങ്കിലും മനോവൈകല്യമുണ്ടായിരിക്കണം. 45 മീറ്റർ വീതിയിൽ മൂടിയാലും പത്തോ പതിനഞ്ചോ മീറ്റർ വീതിയിൽ റോഡിനു സമാന്തരമായി ബാക്കിയാകുന്ന തുണ്ടു ഭൂമിയിൽ കൃഷി ചെയ്യാമല്ലോ എന്നതാണ് ബൈപ്പാസ് ഭ്രമിതാക്കളുടെ വാദം. ജീവിതത്തിലൊരിക്കലെങ്കിലും നെൽവയൽ നേരിട്ട് കണ്ടിട്ടുള്ള ആർക്കും ഇത്തരമൊരു വിചിത്ര വാദമുന്നയിക്കാൻ സാധിക്കില്ല. റോഡിന്‍റെ കൂറ്റൻ മൺ മതിലിനു താഴെ ഒരു നാടപോലെ വയൽ ഭാഗം ബാക്കിയായാൽ തന്നെ തോടുമായുളള ജല ബന്ധം മുറിഞ്ഞു പോകുന്നതിനാൽ കൃഷി അസാധ്യമാകും.

5) കീഴാറ്റൂർ പരമാവധി സംയമനം പാലിച്ചു.

മറുപടി – ഒരു ഗ്രാമത്തിലെ ഭൂരിഭാഗം ജനതയും ഒന്നിച്ചു ചേർന്ന് “കിഴാറ്റൂർ ഗ്രാമം സിന്ദാബാദ് ” എന്ന മുദ്രാവാക്യവും വിളിച്ച് ആരംഭിച്ച സമരത്തിൽ ആര് ആരോട് സംയമനം പാലിച്ചു എന്നാണ് പറയുന്നത്? ആദ്യഘട്ടത്തിൽ സർവ്വേ തടയാൻ നാട്ടുകാരോടു പറഞ്ഞ പാർട്ടി നേതൃത്വം പിന്നീട് മറുകണ്ടം ചാടിയതിന് പാവം നംബ്രാടത്ത് ജാനു ഏച്ചി എന്തു പിഴച്ചു….? പഴയ ബ്രാഞ്ച് സെക്രട്ടറി ഏകപക്ഷീയമായി അക്രമിക്കപ്പെട്ടു എന്നത് സമരപ്പന്തൽ വയൽക്കിളികൾ തന്നെയാണ് കത്തിച്ചത് എന്നതു പോലുള്ള മറ്റൊരു നുണ മാത്രം.

6) ഭൂമി നഷ്ടപ്പെടുന്ന 60 പേരിൽ 58 പേരും ഭൂമി വിട്ടു കൊടുത്തു കഴിഞ്ഞു –

മറുപടി – കല്ലുവച്ച മറ്റൊരു നുണയാണിത്. ഈ നുണ ചാനൽ ചർച്ചകളിലടക്കം ലജ്ജയില്ലാതെ ചില ബൈപ്പാസ് അനുകൂലികൾ ആവർത്തിക്കുന്നുണ്ടായിരുന്നു.. കീഴാറ്റൂർ പാടശേരത്തിലെ 58 ഭൂഉടമകളിൽ 45 പേരും ഒപ്പിട്ട പരാതി ഈ ജനുവരി മാസം അധികൃതർക്ക് നൽകിയിരുന്നു. ഈ ലിസ്റ്റ് ഈ മാർച്ച് മാസം രണ്ടാം വാരത്തിൽ തളിപ്പറമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ വയൽക്കിളികൾ പുറത്തുവിട്ടിരുന്നു.. ഈ ലിസ്റ്റിൽ നിന്നും 3 പേർ ബൈപാസ് പക്ഷത്തേക്കു മാറി എന്നതും വസ്തുതയാണ്, എങ്കിലും 42 പേർ ഇപ്പൊഴും ഭൂമി വിട്ടു കൊടുക്കുന്നതിൽ കടുത്ത വിയോജിപ്പുള്ളവരാണ്. ഇവരാരും സമ്മത പത്രം നൽകിയവരല്ല. സമ്മതപത്രം നൽകിയവർ മഹാഭൂരിപഷവും കീഴാറ്റൂരിന് തെക്ക് കൂവോട് ഭാഗത്തുള്ളവരാണ്..

ഇത് കേവലം ഭൂഉടമകളുടെ സമ്മതത്തിന്റെയോ വിസമ്മതത്തിന്റെയോ മാത്രം പ്രശ്നമാണെന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്നത്‌ ചർച്ചയെ വഴിതിരിച്ചു വിടാനും പൊതു സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും മാത്രമാണ്. ഭൂഉടമയ്ക്ക് സമ്മതമാണെങ്കിൽ ആ ഭൂമിയിൽ എന്ത് പരിസ്ഥിതി വിരുദ്ധ പദ്ധതിയും നടപ്പിലാക്കാമോ? ഉടമയാണോ അവസാന വാക്ക്? നാട്ടിലെ ചെങ്കൽ കുന്നുകളെല്ലാം സ്വകാര്യ ഭൂമികളാണ് , അതാത് ഭൂ ഉടമകൾക്ക് അവരുടെ ഇഷ്ടപ്രകാരം ഏതളവിലും കുന്നുകളിടിച്ച് നിരത്താമോ?

7) ജനസാന്ദ്രതയുള്ള പൂക്കോത്ത് തെരുവിലൂടെ റോഡ് തിരിച്ചുവിടാനാണ് പലരും ആവശ്യപ്പെടുന്നത്-

മറുപടി – എന്തായാലും അത് വയൽക്കിളികളുടെ ആവശ്യമല്ല. പൂക്കോത്ത് തെരുവിലൂടെ 80 വീടുകൾ നഷ്ടമാകുന്ന ഒരു അലൈൻമെന്റ് മുന്നോട്ടു വച്ചത് വയൽക്കിളികളല്ല, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിശദമായ പഠനത്തിനു ശേഷം തയ്യാറാക്കിയ നഗരത്തിലൂടെ തന്നെയുള്ള എലിവേറ്റഡ് ഹൈവേയാണ് വയൽക്കിളികൾ മുന്നോട്ടു വയ്ക്കുന്ന പ്രധാന ബദൽ. ഇതിന് നിർമാണ ചിലവ് കൂടുതലാണെങ്കിലും സാധാരണ റോഡിനെ അപേക്ഷിച്ച് അറ്റകുറ്റപ്പണി ചിലവ് കുറവായതിനാൽ ദീർഘകാല അടിസ്ഥാനത്തിൽ സാമ്പത്തികമായി പോലും നഷ്ടം വരില്ല…..

ഒടുവിലായി പറയട്ടേ – 10 വർഷത്തിനപ്പുറമുണ്ടായേക്കാവുന്ന വാഹനപ്പെരുപ്പത്തെ കുറിച്ചും ഗതാഗത കുരുക്കിനെ കുറിച്ചുമുള്ള ആശങ്കയുടെ ആയിരത്തിലൊരംശം പോലും നമുക്ക് ഒരു വർഷത്തിനപ്പുറമുണ്ടാകുന്ന കുടിവെള്ള ക്ഷാമത്തെ കുറിച്ച് ഇല്ലാത്തതെന്താണ്?
വാഹനപ്പെരുപ്പത്തിനുള്ള യഥാർത്ഥ പരിഹാരം വാഹന നിയന്ത്രണമല്ലേ.. സ്വകാര്യ കാറുകളെ നിയന്ത്രിക്കാൻ സർക്കാരുകൾക്ക് ധൈര്യമില്ലാത്തതെന്താണ്??
ഒരു ഹെക്ടർ നെൽ വയൽ ഒരു വർഷം നിർവ്വഹിക്കുന്ന പാരിസ്ഥിതിക സേവനങ്ങളുടെ പണ മൂല്യം 22 ലക്ഷം രൂപയാണ് . ഭൂഗർഭ ജല പോഷണം, കാലാവസ്ഥാ നിയന്ത്രണം, കീടനിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയുടെയെല്ലാം മൂല്യം ഇതിലുൾപ്പെടുന്നു..

കുറഞ്ഞത് 8 ലക്ഷം ലോഡ് മണ്ണെങ്കിലും വേണം ഈ വയൽ പ്രദേശം നികത്തി ഉയർത്താൻ . ഭൂഗർഭ ജല ശോഷണത്തിൽ സംസ്ഥാനത്ത് തന്നെ വളരെ മുന്നിൽ നിൽക്കുന്ന കണ്ണൂർ ജില്ലയിൽ അവശേഷിക്കുന്ന ചെമ്മൺ കുറന്നുകൾ കൂടി ഇല്ലാതായാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതം വിവരണാതീതമായിരിക്കും ……. കിണർ വറ്റി യാലെന്ത് ? ജപ്പാൻ ബാങ്കും ലോക ബാങ്കും വായ്പ തരുന്നിടത്തോളം കാലം കുടിവെളളം മുട്ടില്ല എന്നാണു വിശ്വാസമെങ്കിൽ, അത്തരക്കാരുടെ ശുഭാപ്തി വിശ്വാസത്തിന് നല്ല നമസ്കാരം.. ജൂൺ 5 ന് ഗിന്നസ് ബുക്കിൽ പേരു വരുത്താൻ ഒരു കോടിയോ രണ്ടു കോടിയോ മരത്തൈകൾ നടുന്നതിലൂടെ തങ്ങളുടെ പാരിസ്ഥിതിക ബാധ്യതകൾ നിറവേറ്റി എന്ന് സ്വയം വിശ്വസിച്ച് ആത്മനിർവൃതിയാൽ പുളകിതരാകുന്നവരേ….. നിങ്ങൾ ഒന്നു കൂടി മാർക്സിനെ വായിക്കൂ.. തിരിച്ചറിവുണ്ടായേക്കും.

0Shares