
കീഴാറ്റൂര്‍: ദേശീയപാതാ വികസനത്തിനായി കൃഷി ചെയ്യുന്ന വയല്‍ വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ വയല്‍ക്കിളി എന്ന പേരില്‍ നടക്കുന്ന സമരത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും സമരക്കാരും തമ്മില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനുള്ള നീക്കവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സേക്രട്ടറി പി. ജയരാജന്‍. ബൈപ്പാസ് വിരുദ്ധ സമരം നടത്തുന്നവരൊക്കെ വിരുദ്ധരാണെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമായി വ്യക്തമാക്കിയതാണ്. ബൈപ്പാസ് ഏത് വഴി വേണം എന്നത് കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനമാണ്. പ്രസ്തുത തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാന ഗവണ്മെന്റ് നടപടികള്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ സമരം നടത്തുന്നത് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല.

എന്നാല്‍ സമരം നടത്തുന്നവരൊക്കെ വിരുദ്ധര്‍ ആണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. ചില തീവ്രവാദ ശക്തികളാണ് സമരത്തിന് പിന്നിലുള്ള ആശയപരവും പ്രയോഗികവുമായിട്ടുള്ള നേതൃത്വം എന്ന കാര്യം കൂടുതല്‍ വ്യക്തമായിട്ടുണ്ട്. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വഴി തെറ്റിയവരെ നേര്‍വഴിക്ക് നയിക്കലാണ് പാര്‍ട്ടി സഖാക്കളുടെ ഉത്തരവാദിത്വമെന്നും അത്തരത്തിലുള്ള സമീപനം പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പി. ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.
