കീഴാറ്റൂരിലെ സമരക്കാര്‍ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു; നെല്‍വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കാന്‍ തല്‍ക്കാലം വിജ്ഞാപനമിറക്കില്ലെന്ന് മന്ത്രി ജി.സുധാകരന്‍

  • Post category:news
  • Reading time:2 mins read
You are currently viewing കീഴാറ്റൂരിലെ സമരക്കാര്‍ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു; നെല്‍വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കാന്‍ തല്‍ക്കാലം വിജ്ഞാപനമിറക്കില്ലെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂരിലെ സമരക്കാര്‍ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. കണ്ണൂര്‍ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കാന്‍ തല്‍ക്കാലം വിജ്ഞാപനമിറക്കില്ലെന്ന് മന്ത്രി ജി.സുധാകരന്‍. സമരക്കാര്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ബന്ധപ്പെട്ടവരുടെ നിര്‍ദേശമനുസരിച്ച് പരമാവധി ബുദ്ധിമുട്ടില്ലാതെ മറ്റൊരു മാര്‍ഗത്തെക്കുറിച്ച് ആലോചിക്കും. സമരത്തിന്റെ ഭാവി സംബന്ധിച്ച് സമര സമിതിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പിന്നീട് അറിയിക്കുമെന്ന് സമരസമിതി വ്യക്തമാക്കി. ദേശീയപാതയുടെ കാര്യത്തില്‍ എത്രയും വേഗം നടപടിയെടുക്കേണ്ടതുണ്ട്. എന്നാല്‍ പ്രദേശവാസികളുടെ ആശങ്ക മനസ്സിലാക്കുന്നു. വയല്‍ സംരക്ഷിക്കുക തന്നെ വേണം. വയലിന് വീതി കുറവാണെന്നതും സമീപത്ത് വീടുകളുണ്ടെന്നതും പരിഗണിക്കും. നീര്‍ത്തടങ്ങളെ ഉള്‍പ്പെടെ സംരക്ഷിച്ചുകൊണ്ട് ബദല്‍ മാര്‍ഗത്തെപ്പറ്റി ആലോചിക്കും. കേരളത്തില്‍ നന്ദിഗ്രാം ഉണ്ടാകാന്‍ സമ്മതിക്കില്ല. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒരു മുന്‍ധാരണയുമില്ലെന്നും മന്ത്രി പറഞ്ഞു.150 ഓളം വീടുകള്‍ ഒഴിപ്പിക്കുകയും അതുവഴി പട്ടണം തന്നെ ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് കീഴാറ്റൂരിലൂടെ ആലോചിച്ചത്. ഹരിതകേരളമെന്ന മുദ്രാവാക്യമാണ് സര്‍ക്കാറിന്റേതെന്നും ആള്‍ക്കൂട്ടത്തെ ഭയന്നല്ല ഇപ്പോഴത്തെ തീരുമാനമെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എന്നാല്‍ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമരസമിതിയുമായി ആലോചിച്ച് തീരുമാനിക്കും. വീണ്ടും വിജ്ഞാപനമിറക്കിയാല്‍ ശക്തമായ സമരം തുടരുമെന്ന് പ്രതിനിധികള്‍ മുന്നറിയിപ്പു നല്‍കി. ചര്‍ച്ചയില്‍ തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യു, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ദേശീയപാത അതോറിറ്റി റീജണല്‍ ഓഫീസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കോഴിക്കോട് നല്ലളം മുതല്‍ കാസര്‍കോട് വരെ നീളുന്ന ആറുവരി പാതയുടെ ഭാഗമെന്ന നിലയ്ക്ക് കണ്ണൂരിലെ തന്നെ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ നീളുന്ന അഞ്ചുകിലോമീറ്റര്‍ അലൈന്‍മെന്റിനായുള്ള നടപടികള്‍ 2012ല്‍ തുടങ്ങിയിരുന്നു. 2016 ല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനവും വന്നിരുന്നു. എന്നാല്‍ ഈ രൂപരേഖ അട്ടിമറിച്ച് കീഴാറ്റൂരില്‍ വയല്‍ നികത്തി പാത നിര്‍മിക്കുന്നതിനെതിരെയാണ് സമരം ആരംഭിച്ചത്. ദേശീയ പാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ചാണ് കീഴാറ്റൂര്‍വഴി പുതിയ ബൈപ്പാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പാത വന്നാല്‍ കീഴാറ്റൂര്‍ ഗ്രാമവും 250 ഏക്കറോളം വരുന്ന നെല്‍പ്പാടവും ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്. പ്രദേശത്തിന്റെ ജലസംഭരണി കൂടിയാണ് ഈ വയലുകള്‍.

0Shares